മുംബൈ : വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ (Lok sabha election 2024) കഴിയുന്നത്ര സീറ്റുകളിൽ ഒരുമിച്ച് മത്സരിക്കാൻ പ്രമേയം പാസാക്കി 'ഇന്ത്യ' മുന്നണി (INDIA bloc). ഓരോ സംസ്ഥാനങ്ങളിലേയും സീറ്റ് വിഭജനം പെട്ടെന്ന് പൂർത്തിയാക്കാനും മുംബൈയില്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. മുന്നണിയുടെ ഏകോപനത്തിന് 13 അംഗ കോർഡിനേഷൻ കമ്മിറ്റിക്ക് (INDIA Bloc Announces Coordination Committee) രൂപം നൽകുകയും തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യം പുറത്തിറക്കുകയും ചെയ്‌തു. 'ഒന്നിക്കും ഭാരതം, ജയിക്കും ഇന്ത്യ' എന്നതാണ് ഈ മുദ്രാവാക്യം.
അതേസമയം, രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന, വിശാല പ്രതിപക്ഷ മുന്നണി 'ഇന്ത്യ'യുടെ ലോഗോ (INDIA Bloc Logo) പ്രകാശനം താത്‌കാലികമായി മാറ്റിവച്ചു. ശിവസേന (ഉദ്ദവ് വിഭാഗം) (Sivasena Uddhav Thackeray) എംപി സഞ്ജയ് റാവത്തും കോൺഗ്രസ് നേതാവ് വിജയ് വഡേത്തിവാറുമാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്.
28 പ്രതിപക്ഷ പാർട്ടികളിലേയും നേതാക്കൾക്ക് ചില നിർദേശങ്ങൾ പങ്കുവയ്‌ക്കാനുണ്ടാവും. അതുകൊണ്ടുതന്നെ ലോഗോ അന്തിമമാക്കാന്‍ അവരുടെ അഭിപ്രായം കണക്കിലെടുക്കേണ്ടതുണ്ട് - സഞ്ജയ് റാവത്ത് പറഞ്ഞു. ഒരുപക്ഷേ, ഒരു ദിവസം കൊണ്ടുതന്നെ ഇക്കാര്യത്തിലൊരു തീരുമാനമുണ്ടായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
'ഗാന്ധിമാര്‍' ഇല്ലാത്ത കമ്മിറ്റി : സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ 'ഇന്ത്യ' മുന്നണിയുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ അംഗങ്ങളല്ല. കോൺഗ്രസിനെ പ്രതിനിധീകരിച്ച് കെസി വേണുഗോപാൽ, സിപിഐയിൽ നിന്ന് ഡി രാജ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ആർജെഡി നേതാവ് തേജസ്വി യാദവ്, തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എന്നിവർ കമ്മിറ്റിയില്‍ ഇടംപിടിച്ചു. സിപിഎം അംഗത്തെ പിന്നീട് നിർദേശിക്കുമെന്ന് 'ഇന്ത്യ' മുന്നണി നേതാക്കള്‍ വ്യക്തമാക്കി.
ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് സഞ്ജയ് റാവത്ത്, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ആംആദ്‌മി പാർട്ടി നേതാവ് രാഘവ് ഛദ്ദ, സമാജ്‍വാദി പാർട്ടി നേതാവ് ജാവേദ് അലി ഖാൻ, ജെഡിയു - ലല്ലൻ സിങ്, നാഷണൽ കോൺഫറൻസ് - ഒമർ അബ്‌ദുള്ള, പിഡിപി - മെഫ്ബൂബ മുഫ്‌തി എന്നിവരാണ് കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെട്ട മറ്റ് അംഗങ്ങള്‍.
'400 സീറ്റുകളില്‍ പൊതുസ്ഥാനാര്‍ഥി', കരുക്കള്‍ നീക്കാന്‍ 'ഇന്ത്യ': രാജ്യത്തെ വിശാല പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ' വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 400 സീറ്റുകളില്‍ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം. ആകെയുള്ള 543 ലോക്‌സഭ സീറ്റുകളിൽ ബിജെപിക്കെതിരായി ശക്തമായ പോരാട്ടം കാഴ്‌ചവയ്‌ക്കുന്നതിന്‍റെ ഭാഗമായാണ് മുന്നണി നീക്കം. 'ഇന്ത്യ'യും എൻഡിഎയും തമ്മിലുള്ള പോരാട്ടം ശക്തിപ്പെടുത്താന്‍ 400 - 425 ലോക്‌സഭ സീറ്റുകൾ ഞങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ഥികള്‍ക്കെതിരായി പ്രതിപക്ഷ സഖ്യത്തിന്‍റെ പൊതുസ്ഥാനാർഥിയെ നിർത്താന്‍ ഞങ്ങള്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും നിരുപം വ്യക്തമാക്കി.