ന്യൂഡല്‍ഹി: രാജ്യത്തുടനീളമായി അയ്യായിരത്തിലധികം കാറുകള്‍ മോഷ്‌ടിച്ച, ഏഴ് വര്‍ഷത്തിലധികമായി പൊലീസിനെ വട്ടം കറക്കിയ മോഷ്‌ടാവ് ഒടുവില്‍ പിടിയില്‍. ന്യൂഡല്‍ഹിയിലെ ഖാന്‍പുര്‍ എക്‌സ്‌റ്റന്‍ഷന്‍ സ്വദേശിയായ അനില്‍ ചൗഹാന്‍ എന്നയാളെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 200 ഓളം കേസുകള്‍ നിലവിലുണ്ട്.
മോഷ്‌ടിച്ച കാറില്‍ ആയുധ വിതരണത്തിനായാണ് അനില്‍ ഡല്‍ഹിയിലെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇതേ കുറിച്ച് വിവരം ലഭിച്ച സെന്‍ട്രല്‍ ഡല്‍ഹി പൊലീസിന്‍റെ സ്‌പെഷ്യല്‍ സ്റ്റാഫ് നടത്തിയ പരിശോധനയിലാണ് സെന്‍ട്രല്‍ ഡല്‍ഹി മേഖലയില്‍ നിന്നും ഇയാള്‍ പിടിയിലായത്. ആറ് പിസ്റ്റളുകളും ഏഴ് ലൈവ് കാട്രിഡ്‌ജുകളും പൊലീസ് ഇയാളില്‍ നിന്ന് കണ്ടെടുത്തു.
27 വര്‍ഷത്തിനിടെ പിടിയിലായത് രണ്ട് വട്ടം: രാജ്യത്തെ ഏറ്റവും വലിയ കാര്‍ മോഷ്‌ടാവാണ് ഇയാളെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ട് പതിറ്റാണ്ടിലധികമായി അനില്‍ കാര്‍ മോഷണം നടത്തിവരികയാണ്. എന്നാല്‍ 27 വര്‍ഷത്തിനിടെ രണ്ട് വട്ടം മാത്രമാണ് പൊലീസിന്‍റെ പിടിയിലായത്.
കാര്‍ മോഷ്‌ടിച്ച് അസം ഉള്‍പ്പെടെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി വില്‍പന നടത്തുകയാണ് പതിവ്. പലവട്ടം പൊലീസ് ഇയാള്‍ക്കായി കെണിയൊരുക്കിയെങ്കിലും രക്ഷപ്പെടുകയായിരുന്നു. പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് അസമിലേക്ക് കടന്ന് കളഞ്ഞ അനില്‍ പിന്നീട് കാണ്ടാമൃഗങ്ങളുടെ കൊമ്പ് കടത്താന്‍ ആരംഭിച്ചു.
ഇയാള്‍ അനധികൃതമായി സമ്പാദിച്ച സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നേരത്തെ കണ്ടുകെട്ടിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. 2015ല്‍ ഒരു പ്രാദേശിക എംഎല്‍എയോടൊപ്പം അനിലിനെ അസം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇതിന് ശേഷമാണ് ഇയാള്‍ ആയുധക്കടത്ത് ആരംഭിച്ചത്.