ന്യൂഡൽഹി: രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷം അസം അതിർത്തിയിലെ സംദ്രൂപ് ജോങ്ഖാർ, ഗെലെഫു എന്നിവിടങ്ങളിലെ ഇന്ത്യ-ഭൂട്ടാൻ അതിർത്തി കവാടങ്ങൾ വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറക്കുന്നു. സെപ്‌റ്റംബർ 23 മുതലാണ് അതിർത്തിയിൽ വീണ്ടും സഞ്ചാരികളെ അനുവദിക്കുക. കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് ഭൂട്ടാൻ സർക്കാർ അതിർത്തി കവാടം വീണ്ടും തുറക്കാനൊരുങ്ങുന്നത്.
വിനോദ സഞ്ചാരികൾക്ക് മികച്ച അനുഭവം നൽകാൻ തങ്ങൾ തയാറെടുക്കുകയാണെന്ന് ഭൂട്ടാൻ ആഭ്യന്തര സാംസ്‌കാരിക കാര്യ മന്ത്രാലയം ഡയറക്‌ടർ താഷി പെൻജോർ പറഞ്ഞു. കഴിഞ്ഞ രണ്ടര വർഷക്കാലത്തിനുള്ളിൽ ഇരു രാജ്യങ്ങളിലും നിരവധി ഉദ്യോഗസ്ഥർ മാറിമാറി വന്നു. അതിർത്തിയിൽ താമസിക്കുന്ന ജനങ്ങളുമായി സൗഹൃദവും വ്യക്തിബന്ധവും സ്ഥാപിക്കാൻ കഴിഞ്ഞില്ല. ഇരുരാജ്യത്തു നിന്നും കൂടുതൽ സന്ദർശനങ്ങൾ പ്രതീക്ഷിക്കുന്നതായും പെൻജോർ കൂട്ടിച്ചേർത്തു.
ഗെലെഫു, സംദ്രുപ് ജോങ്ഖാർ കവാടങ്ങളിലൂടെ ഭൂട്ടാനിലേക്ക് വരുന്ന വിനോദ സഞ്ചാരികൾ രാജ്യത്തെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഇക്കോ ടൂറിസം, പക്ഷി നിരീക്ഷണം ഉൾപ്പെടെയുള്ള ആകർഷകമായ പാക്കേജുകൾ ഭൂട്ടാൻ സർക്കാർ സന്ദർശകർക്കായി ആസൂത്രണം ചെയ്‌തിട്ടുണ്ട്. വിനോദ സഞ്ചാരികൾക്ക് തടസങ്ങളില്ലാത്ത യാത്ര സാധ്യമാക്കുന്നതിന് ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ (എസ്ഒപി) തയാറാക്കിയിട്ടുണ്ടെന്ന് പെൻജോർ അറിയിച്ചു.
ബുധനാഴ്‌ച സശസ്‌ത്ര സീമ ബലിന്‍റെ (എസ്എസ്ബി) 15-ാം ബറ്റാലിയൻ കമാന്‍ഡന്‍റും റീജിയണൽ ഹെഡ്ക്വാർട്ടേഴ്‌സിന്റെ ചുമതലയുമുള്ള നീരജ് ചന്ദുമായും എല്ലാ എസ്എസ്ബി ഉദ്യോഗസ്ഥരുമായും ഭൂട്ടാൻ ഉദ്യോഗസ്ഥൻ കൂടിക്കാഴ്‌ച നടത്തിയിരുന്നു. അസമിലെ ബോംഗൈഗാവ് ജില്ലയിലെ ചപ്രകടയിലുള്ള എസ്എസ്ബിയുടെ പ്രാദേശിക ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്‌ച നടന്നത്.