ന്യൂഡൽഹി: കുറഞ്ഞ കാലയളവിൽ ഏറ്റവും കൂടുതൽ പേർക്ക് വാക്‌സിനേഷൻ സാധ്യമാക്കിയ ആദ്യ രാജ്യമായി ഇന്ത്യ. പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തുവിട്ട കണക്കുകൾ പ്രകാരം 92 ദിവസം കൊണ്ട് ഏകദേശം 12 കോടിയിലേറെ ഡോസ് വാക്സിനുകള്‍ നല്‍കിക്കഴിഞ്ഞു. ഇതേ 12 കോടി വാക്‌സിനേഷൻ നടത്താൻ 97 ദിവസമെടുത്ത അമേരിക്ക രണ്ടാം സ്ഥാനത്തും 108 ദിവസമെടുത്ത ചൈന മൂന്നാം സ്ഥാനത്തുമാണ്.
രാജ്യത്ത് ഞായറാഴ്‌ച രാവിലെ വരെ 12,26,22,590 വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു. വാക്‌സിൻ സ്വീകരിച്ചവരിൽ ഹെൽത്ത് കെയർ വർക്കർമാർ, എച്ച്സിഡബ്ല്യു, എഫ്എൽഡബ്ല്യു, 60 വയസിന് മുകളിൽ പ്രായമുള്ളവർ, 45 മുതൽ 60 വയസ് വരെ പ്രായമുള്ളവർ എന്നിവര്‍ ഉൾപ്പെടുന്നു. ഗുജറാത്ത്, മഹാരാഷ്‌ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾക്ക് മാത്രം ഒരു കോടിയിലധികം ഡോസുകൾ നല്‍കി. 24 മണിക്കൂറിനുള്ളിൽ 26 ലക്ഷം പേർക്ക് വാക്‌സിന്‍ നൽകിയതായി പിഐബി റിപ്പോർട്ടിൽ പറയുന്നു.
കൂടുതൽ വായനയ്‌ക്ക്: രണ്ട് ലക്ഷം കടന്ന് ഇന്ത്യയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം
അതേസമയം ഇന്ത്യയിൽ ദിനംപ്രതി കൊവിഡ് രോഗികൾ വർധിക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 2,61,500 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ മാത്രം 24 മണിക്കൂറിനുള്ളിൽ 67,123 പേർക്കാണ് രോഗബാധ. സംസ്ഥാന തലത്തിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്. അതേസമയം ഉത്തർപ്രദേശിൽ 27,334 ഉം ഡൽഹിയിൽ 24,375 ഉം കേസുകള്‍ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരിൽ 78.56 ശതമാനവും മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, ഡൽഹി, ഛത്തീസ്‌ഗഡ്, കർണാടക, മധ്യപ്രദേശ്, കേരളം, ഗുജറാത്ത്, തമിഴ്‌നാട്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്.