ജല്‍പായ്‌ഗുരി (പശ്ചിമ ബംഗാള്‍): അഭയാര്‍ഥികളുടെയും ആട്ടിയോടിക്കപ്പെട്ടവരുടെയും ചരിത്രവും അനുഭവങ്ങളും അടുത്തറിഞ്ഞവരാണ് നമ്മള്‍. സ്വന്തം നാട്ടില്‍ നിന്നും തുരത്തി ഓടിച്ചവരുടെയും മറ്റ് നിര്‍വാഹങ്ങളില്ലാതെ ഇറങ്ങിയോടിയവരുടെയും ഒപ്പം ചേര്‍ക്കാവുന്ന ഒരു വിഭാഗം തന്നെയാണ് പശ്‌ചിമ ബംഗാളിലെ ജൽപായ്‌ഗുരിയിലെ ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയില്‍ താമസിക്കുന്ന 10,000 ത്തിലധികം വരുന്ന ആളുകളും. കാരണം ഇവര്‍ ഇന്ത്യയില്‍ താമസിക്കുന്നവരാണെങ്കിലും ഇവരെ പൗരന്മാരായി രാജ്യം അംഗീകരിച്ചിട്ടില്ല.
വോട്ടര്‍ ഐഡി കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങി അത്യാവശ്യമായ എല്ലാ രേഖകളുമുണ്ടെങ്കിലും പൗരത്വമില്ലാത്ത പ്രത്യേക പൗരന്മാരാണ് ഇവര്‍. രാജ്യാതിര്‍ത്തിക്ക് അകത്ത് ജീവിച്ച് ജനപ്രതിനിധികളെ പോലും സഭയിലേക്ക് തെരഞ്ഞെടുത്തയയ്‌ക്കുന്ന ഇവര്‍ക്ക് ഒരു കഷണം സ്ഥലം വാങ്ങാനോ വില്‍ക്കുവാനോ അധികാരമില്ല എന്നതും മറ്റൊരു വസ്‌തുതയാണ്.
നോ മാന്‍സ് ലാന്‍ഡ്: 2015 ഓഗസ്‌റ്റ് ഒന്നിന് ഇന്ത്യയും ബംഗ്ലാദേശും ഉള്‍പ്പെടുന്ന ചിട്‌മഹല്‍ എൻക്ലേവുകളുടെ കൈമാറ്റ വേളയിൽ, സൗത്ത് ബെറുബാരി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കജൽദിഘി, ചിലഹാട്ടി, ബരാഷാഷി, നവ്താരിഡെബോട്ടർ, പധാനി തുടങ്ങി അഞ്ച് ഗ്രാമങ്ങള്‍ ഇന്ത്യൻ പ്രദേശത്ത് ചേര്‍ക്കപ്പെട്ടുവെങ്കിലും അവയ്ക്ക് ഇന്ത്യൻ ഭൂപടത്തിൽ ഒരു ഇടം ലഭിച്ചില്ല. ഇന്ത്യയെയും പാകിസ്ഥാനെയും വേര്‍തിരിക്കുന്ന 'റാഡ്ക്ലിഫ് ലൈൻ' പ്രകാരം സ്വാതന്ത്ര്യാനന്തരം ദക്ഷിണ ബെറുബാരി കിഴക്കൻ പാകിസ്ഥാന്‍റെ ഭാഗമാണെന്ന് പാകിസ്‌താന്‍ അവകാശവാദം ഉന്നയിച്ചു. ഇതോടെ ബെറുബാരിയിലെ ജനങ്ങൾക്കിടയിൽ അസ്വാരസ്യങ്ങളും ഉടലെടുത്തു.
നടക്കാതെ പോയ ഉടമ്പടികള്‍: ഇതിനെല്ലാം വളരെ മുമ്പ് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവും പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന ഫിറൂസ് ഖാൻ നൂണും തമ്മിൽ ഇതിനെ ചൊല്ലി ചർച്ചകൾ നടന്നിരുന്നു. ഇതോടെ വിഷയത്തില്‍ ഒരു വ്യക്തത വരുമെന്നും ഇവിടെയുള്ള ജനങ്ങളും വിശ്വസിച്ചു. എന്നാല്‍ പ്രദേശത്തെ ചൊല്ലി 1958 സെപ്‌തംബറില്‍ നടന്ന നെഹ്‌റു -നൂണ്‍ ഉടമ്പടി പ്രകാരം എൻക്ലേവുകൾ കൈമാറാന്‍ ധാരണയായി.
ഇതുപ്രകാരം ദക്ഷിണ ബെറുബാരി ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍ പങ്കുവയ്‌ക്കപ്പെട്ടു. ഇതിനെതിരെ ദക്ഷിണ ബെറുബാരിയിലെ ജനങ്ങളുടെ എതിർപ്പ് പ്രകടമായി. പിന്നാലെ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലെത്തി. ഇതോടെ 1958 ലെ എൻക്ലേവ് കൈമാറ്റം തുടര്‍നടപടികളില്ലാതെ നിന്നുപോയി.
പ്രശ്‌നങ്ങള്‍ വലച്ച കാലഘട്ടം: എന്നാല്‍ പ്രദേശങ്ങളുടെ കൈമാറ്റം നടത്തുന്നതിനായി സര്‍ക്കാര്‍ ഭരണഘടന (9-ാം ഭേദഗതി, 1960) ഭേദഗതി ചെയ്‌ത് മുന്നോട്ടുപോവാന്‍ തീരുമാനിച്ചു. എന്നാല്‍ 1962 ല്‍ ഇന്ത്യ-ചൈന യുദ്ധം പൊട്ടിപ്പുറപ്പെട്ടതും, 1964 ൽ നെഹ്‌റുവിന്റെ മരണവും, 1965 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധം എന്നിവയുൾപ്പെടെ നിരവധി സംഭവങ്ങൾ ഈ മുന്നോട്ടുപോക്കിനെ വൈകിപ്പിച്ചു. ഇതെല്ലാം കഴിഞ്ഞ് രംഗം ശാന്തമായപ്പോഴും ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള അതിർത്തിയുടെ പരിഹരിക്കപ്പെടാത്ത പ്രശ്‌നമായി തന്നെ ഇതും അവശേഷിച്ചു.
അയൽരാജ്യത്തിന്‍റെ ഭൂപ്രദേശത്താൽ പൂർണമായും ചുറ്റപ്പെട്ട ചെറിയ പോക്കറ്റുകളായതുകൊണ്ടുതന്നെ ഈ എൻക്ലേവുകളെ കൈകാര്യം ചെയ്യുന്നതില്‍ രാജ്യങ്ങള്‍ക്കിടയിലും ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടു. ഇതോടെ ഇവിടെ താമസിച്ചുവന്നിരുന്ന ജനങ്ങള്‍ എഴുപത് വർഷത്തോളം അവരുടെ സ്വന്തം പ്രദേശത്ത് എല്ലാമുണ്ടായിട്ടും ഒന്നുമല്ലാത്തവരെ പോലെ ജിവിക്കേണ്ടതായും വന്നു.
ആര്‍ക്കും സ്വന്തമാവാതെ: അങ്ങനെയിരിക്കെ 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും തമ്മിലുള്ള ഭൂപരിധി കരാർ പ്രകാരം 111 എൻക്ലേവുകൾ ഉള്‍പ്പെടുന്ന 17,160.63 ഏക്കർ ഭൂമി ഇന്ത്യ ബംഗ്ലദേശിന് കൈമാറി. തിരിച്ച് 51 എന്‍ക്ലേവുകള്‍ ഉള്‍പ്പെടുന്ന 7,110.02 ഏക്കര്‍ ഭൂമി ബംഗ്ലാദേശ് ഇന്ത്യയ്‌ക്കും കൈമാറി. മാത്രമല്ല ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ഇന്ത്യയിലോ ബംഗ്ലാദേശിലോ പൗരത്വം തെരഞ്ഞെടുക്കാനുള്ള അവസരവും നല്‍കി. എന്നാല്‍ ബെറുബാരി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഈ അഞ്ച് ഗ്രാമങ്ങള്‍ അപ്പോഴും തഴയപ്പെട്ടു. ഇന്ത്യന്‍ ഭൂപടത്തില്‍ എഴുതിച്ചേര്‍ക്കാത്തത് കൊണ്ടുതന്നെ ഭൂമി കൈവശം വയ്ക്കാനുള്ള ആനുകൂല്യങ്ങൾ ഉള്‍പ്പടെ ഇവര്‍ക്ക് നിഷേധിക്കപ്പെടുകയും ചെയ്‌തു.