ഹൈദരാബാദ്: ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റിനിർത്താൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണം.. പ്രതിപക്ഷ ഐക്യമില്ലാതെ ബിജെപിയെ തോല്‍പ്പിക്കാനാവില്ല..കഴിഞ്ഞ ഒൻപത് വർഷത്തെ അനുഭവത്തില്‍ നിന്നാണ് കോൺഗ്രസും ആംആദ്‌മിയും ഇടതു പാർട്ടികളും തൃണമൂല്‍ കോൺഗ്രസും എൻസിപിയും ശിവസേനയിലെ ഒരു വിഭാഗവും ആർജെഡിയും ജെഡിയുവും സമാജ്‌വാദിയും നാഷണല്‍ കോൺഫറൻസും പിഡിപിയും ഡിഎംകെയും അടക്കം അവരവരുടെ സംസ്ഥാനങ്ങളില്‍ നേർക്ക് നേർ പോരടിക്കുന്നവർ ഒന്നിക്കാൻ തീരുമാനിച്ചത്.
ബിഹാർ പാഠമായി: പ്രതിപക്ഷമെന്ന പേരില്‍ വിഘടിച്ചു നിന്നാല്‍ കേന്ദ്രത്തില്‍ മാത്രമല്ല, സംസ്ഥാനങ്ങളിലും അധികാരം ഉണ്ടാകില്ല എന്ന തിരിച്ചറിവില്‍ ബിഹാറിലാണ് ആദ്യം ഈ ആശയം വളർന്ന് വലുതായത്. മഹാഗഡ്‌ബന്ധൻ എന്ന പേരില്‍ കോൺഗ്രസും ആർജെഡിയും ഇടതുതീവ്ര പാർട്ടികളും ബിഹാറില്‍ ഒന്നിച്ചു. ബിഹാറില്‍ ആദ്യം വലിയ ഫലമുണ്ടായില്ലെങ്കിലും അത് പിന്നീട് മഹാവികാസ് അഖാഡി എന്ന പേരില്‍ മഹാരാഷ്ട്രയില്‍ വിജയം കണ്ടു. കോൺഗ്രസും എൻസിപിയും ശിവസേനയും ഒന്നിച്ചു. മഹാരാഷ്ട്രയില്‍ മഹാവികാസ് അഖാഡി സർക്കാരുണ്ടാക്കി. അത് പിന്നീട് പൊളിഞ്ഞെങ്കിലും പ്രതിപക്ഷത്തിന് ഐക്യമാകാം എന്ന ചിന്ത വളർന്നു.
also read: 'ഇന്ത്യ'യുടെ പേര് ദുരുപയോഗം ചെയ്‌തു; 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ പരാതി
പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തെ കുറിച്ച് വിവിധ കേന്ദ്രങ്ങളില്‍ ചെറുതും വലുതുമായ ചർച്ചകൾ നടന്നു. ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ, തൃണമൂല്‍ നേതാവ് മമത ബാനർജി, എൻസിപി നേതാവ് ശരദ് പവാർ, കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സിപിഎം -സിപിഐ നേതാക്കൾ എന്നിവർ വിവിധ സ്ഥലങ്ങളില്‍ പ്രാഥമിക ചർച്ചകൾക്ക് നേതൃത്വം നല്‍കി.
അങ്ങനെയിരിക്കെയാണ് ബിഹാറില്‍ അപ്രതീക്ഷിതമായി രാഷ്ട്രീയ മാറ്റം സംഭവിച്ചത്. അതുവരെ ഒപ്പം ചേർന്ന് ഭരണം നടത്തിയിരുന്ന നിതീഷ് കുമാറും ബിജെപിയും തമ്മില്‍ തെറ്റി. എൻഡിഎ സഖ്യം വിട്ട നിതീഷ് പുറത്തുവന്നു. പ്രതിപക്ഷത്തായിരുന്ന ആർജെഡിയുമായി സഖ്യത്തിലാകുകയും സർക്കാർ രൂപീകരിക്കുകയും ചെയ്‌തു. അതോടെ പ്രതിപക്ഷത്ത് ദേശീയ നേതാക്കളുടെ എണ്ണം വർധിച്ചു. ഇനി പ്രതിപക്ഷം ഒന്നിച്ച് ബിജെപിയെ നേരിടാം എന്ന ധാരണയ്ക്ക് ശക്തി വർധിച്ചു. അപ്പോഴാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആര് വരണം എന്ന കാര്യത്തില്‍ പല കോണുകളില്‍ നിന്നും ചോദ്യമുയർന്നത്. നിതീഷ് കുമാർ, മമത ബാനർജി എന്നിവരുടെ പേരുകൾ ചർച്ചയായി. സമവായം എന്ന നിലയില്‍ കോൺഗ്രസിന് പ്രധാനമന്ത്രി പദം കൊടുക്കണമെന്ന അഭിപ്രായത്തിനും ശക്തി കൂടി.
'എവിടെയും തൊടില്ലെന്ന് ചിലർ'; നാല് മാസം മുൻപ് വരെ പ്രതിപക്ഷ പാർട്ടികൾക്കൊപ്പം ബിജെപിയെ അതി ശക്തമായി വിമർശിച്ചിരുന്ന കെ ചന്ദ്രശേഖർ റാവുവാണ് ആദ്യം നിലപാട് മാറ്റിയ പ്രമുഖൻ. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു സ്വന്തം പാർട്ടിയായ തെലങ്കാന രാഷ്ട്രസമിതിയുടെ പേര് ഭാരത രാഷ്ട്ര സമിതി എന്നാക്കി മാറ്റി. ബിജെപിയെ നഖശിഖാന്തം എതിർത്തിരുന്ന ചന്ദ്രശേഖർ റാവു പെട്ടെന്ന് വിമർശനങ്ങൾ അവസാനിപ്പിച്ചു. പ്രതിപക്ഷ പാർട്ടികളുമായുള്ള ബന്ധം അവസാനിപ്പിച്ചു.
അതിനോടൊപ്പം വന്ന വാർത്ത കർണാടകത്തില്‍ ദേവഗൗഡയുടെ ജെഡിഎസ് എൻഡിഎ പ്രവേശനത്തിനായി കാത്തിരിക്കുന്നു എന്നതാണ്. പതിറ്റാണ്ടുകൾക്ക് മുൻപ് ബിജെപിയെ കേന്ദ്രത്തില്‍ നിന്ന് അകറ്റാൻ മൂന്നാം മുന്നണി രൂപീകരിച്ചപ്പോൾ മൂന്നാം മുന്നണിയുടെ പേരില്‍ ഇന്ത്യൻ പ്രധാനമന്ത്രിയായ വ്യക്തിയാണ് ദേവഗൗഡ. പക്ഷേ വീണ്ടുമൊരിക്കല്‍ കൂടി ബിജെപിക്ക് എതിരായി പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കാൻ ഒരുങ്ങുമ്പോൾ ദേവഗൗഡയും മകൻ കുമാര സ്വാമിയും ബിജെപിയുമായി സഖ്യത്തിന് വേണ്ടി ശ്രമം തുടരുകയാണ്.
ആന്ധ്രപ്രദേശിലെ മുഖ്യനും വൈഎസ്ആർസിപി നേതാവുമായ ജഗൻ മോഹൻ റെഡ്ഡി, ഒഡിഷയിലെ നവീൻ പട്‌നായിക് എന്നിവർ പ്രതിപക്ഷ ഐക്യം എന്ന വാർത്ത പോലും കേട്ടില്ലെന്ന മട്ടിലാണ്. മായാവതിയുടെ ബിഎസ്‌പി, തമിഴ്‌നാട്ടിലെ എഐഎഡിഎംകെ എന്നിവർ പ്രതിപക്ഷ പാർട്ടികളുമായി ബന്ധമില്ലെന്ന് പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്.
വരാനിരിക്കുന്ന വൈജാത്യങ്ങൾ: ദേശീയ തലത്തില്‍ ഒന്നിക്കാൻ തീരുമാനിക്കുമ്പോൾ സംസ്ഥാനങ്ങളില്‍ എങ്ങനെ ഒന്നിച്ചു നില്‍ക്കും എന്ന കാര്യത്തില്‍ മൂന്നാം മുന്നണി കാലം മുതല്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. കേരളത്തില്‍ സിപിഎമ്മും കോൺഗ്രസും നേർക്കുനേർ പോരടിക്കുമ്പോൾ ജമ്മു കശ്‌മീരില്‍ പിഡിപിയും നാഷണല്‍ കോൺഫറൻസും വിരുദ്ധ ചേരികളിലാണ്. ബംഗാളില്‍ ഇടതു പാർട്ടികളും കോൺഗ്രസും ഒന്നിക്കാൻ തീരുമാനിച്ചാലും തൃണമൂല്‍ കോൺഗ്രസ് വിരുദ്ധ പക്ഷത്താകും.
മഹാരാഷ്ട്രയില്‍ ഒരേ മുന്നണിയായി തുടർന്നാലും ബിഹാറില്‍ ജെഡിയു, ആർജെഡി, കോൺഗ്രസ് എന്നിവർ ഒന്നിക്കുമ്പോഴുള്ള സീറ്റ് വിഭജനം വലിയ തലവേദന സൃഷ്‌ടിക്കും. മഹാരാഷ്ട്രയില്‍ ഇത്തവണ മുന്നണിയില്‍ ശിവസേന കൂടി എത്തുമ്പോൾ സീറ്റ് വിഭജനത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ടതായും വരും. ഉത്തർപ്രദേശില്‍ സമാദ്‌വാദി പാർട്ടിയും കോൺഗ്രസും പങ്കിടുന്ന സീറ്റുകളെ ചൊല്ലി തർക്കം വർഷങ്ങളായി തുടരുന്നുന്നുണ്ട്. മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നി സംസ്ഥാനങ്ങളില്‍ പ്രാദേശിക പാർട്ടികളുടെ പിന്തുണയില്ലാതെ കോൺഗ്രസാണ് ബിജെപിയോട് നേരിട്ട് ഏറ്റുമുട്ടേണ്ടത്.
ആപ്പ് എവിടെ നില്‍ക്കും: നിലവില്‍ പ്രതിപക്ഷ ഐക്യ മുന്നണിക്കൊപ്പമാണ് ആംആദ്‌മി പാർട്ടി. ഡല്‍ഹിയില്‍ കോൺഗ്രസുമായി തുടർന്നുവന്ന ആശയക്കുഴപ്പം താല്‍ക്കാലികമായി അവസാനിച്ചുവെങ്കിലും പൊതു തെരഞ്ഞെടുപ്പില്‍ ഏതൊക്കെ സീറ്റുകളില്‍ മത്സരിക്കും എന്ന വിഷയം വരുമ്പോൾ ഇപ്പോഴത്തേതിനേക്കാൾ രൂക്ഷമാകും തർക്കമെന്നുറപ്പാണ്. കാരണം കോൺഗ്രസിന് ആപ്പുമായി സീറ്റ് വിഭജനം വേണ്ടി വരുന്നത്, ഡല്‍ഹിയില്‍ മാത്രമല്ല പഞ്ചാബിലും ഹരിയാനയിലും കൂടിയാണ്. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ആപ്പ് മത്സരിക്കാൻ ആലോചിക്കുന്ന സാഹചര്യവും ഉടലെടുക്കുന്നുണ്ട്. ബിജെപിയുടെ ബി ടീം എന്ന് കോൺഗ്രസ് നേതാക്കൾ പലതവണ ആംആദ്‌മി പാർട്ടിക്ക് എതിരെ ആക്ഷേപം ഉന്നയിച്ചിരുന്നതും ഈ സാഹചര്യത്തില്‍ ചർച്ചയാണ്.
പോര് വരും മുമ്പേ പേരില്‍ തർക്കം: Indian National Developmental Inclusive Alliance (INDIA) എന്ന പേര് ഇന്ന് ഇന്ത്യയില്‍ ട്രെൻഡിങാണെന്നാണ് പ്രതിപക്ഷ പാർട്ടികൾ പറയുന്നത്. എൻഡിഎയ്ക്ക് എതിരെ ശക്തമായ പോരാട്ടത്തിന് ഐഎൻഡിഐഎ എന്ന പേരും മുന്നണിയും ഒരുങ്ങിക്കഴിഞ്ഞുവെന്നാണ് കോൺഗ്രസും ഇടതുപാർട്ടികളും അവകാശപ്പെടുന്നത്. എന്നാല്‍ ഐഎൻഡിഐഎ (INDIA) എന്ന പേരിനെ ചൊല്ലി ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ നാഷണല്‍ ഡെമോക്രാറ്റിക് ഇൻക്ലൂസീവ് അലയൻസ് എന്നായിരുന്നു ആദ്യം തീരുമാനിച്ചതെന്നും അത് പിന്നീട് ഇന്ത്യൻ നാഷണല്‍ ഡെവലപ്‌മെന്‍റല്‍ ഇൻക്ലൂസീവ് അലയൻസ് എന്ന് മാറ്റി തീരുമാനിക്കുകയായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ.
ഐഎൻഡിഐഎ (INDIA) എന്ന പേര് ആരാണ് നിർദ്ദേശിച്ചതെന്നതും തർക്ക വിഷയമാണ്. മമത ബാനർജിയുടെ നിർദ്ദേശത്തെ രാഹുല്‍ ഗാന്ധി പിന്താങ്ങിയതാണെന്നാണ് ഏറ്റവും ഒടുവില്‍ വരുന്ന വിശദീകരണം. എന്നാല്‍ "We for India" എന്ന് സീതാറാം യെച്ചൂരിയും "India's Main Front" എന്ന് നിതീഷ് കുമാറും നിർദ്ദേശിച്ചിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ഐക്യ യോഗത്തിന് ശേഷം നടത്തിയ വാർത്ത സമ്മേളനത്തില്‍ പങ്കെടുക്കാതെ നിതീഷ് കുമാർ മടങ്ങിയത് 'കൺവീനർ' സ്ഥാനത്തില്‍ തീരുമാനമാകാത്തതിനെ തുടർന്നാണെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാല്‍ മുന്നണിയുടെ ഔദ്യോഗിക സ്ഥാനങ്ങളും ഭാരവാഹിത്തങ്ങളും സംബന്ധിച്ച് ചർച്ചകൾ നടന്നിട്ടില്ലെന്നാണ് നേതാക്കൾ വിശദീകരിക്കുന്നത്.
'രാജ്യത്തിന് വേണ്ടി തർക്കങ്ങൾ മറക്കും': പ്രാദേശികമായും ആശയപരമായും രാഷ്ട്രീയമായും വൈജാത്യങ്ങൾ തുടരുന്ന പാർട്ടികൾക്ക് ഒരിക്കലും ഒന്നിക്കാനാകില്ലെന്ന വാദം ബിജെപി ഉയർത്തിക്കഴിഞ്ഞു. എന്നാല്‍ ബിജെപിക്ക് എതിരെ എല്ലാ വൈജാത്യങ്ങളും മറന്ന് പോരാടാനാണ് തീരുമാനമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കഴിഞ്ഞ ദിവസം പറഞ്ഞത്.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും അക്കാര്യം മനസിലുറപ്പിച്ചിട്ടുണ്ടെന്നാണ് സൂചനകൾ. ജൂൺ മാസം പട്‌നയിലും ജൂലൈയില്‍ ബെംഗളൂരുവിലും നടത്തിയ പ്രതിപക്ഷ ഐക്യ യോഗങ്ങൾ ഫലവത്താണെന്നാണ് പ്രതിപക്ഷ നേതാക്കൾ പറയുന്നത്. ഇനി മുംബൈയിലാണ് അടുത്ത യോഗം.