ഇംഫാല്‍: മണിപ്പൂരില്‍ സന്ദര്‍ശനത്തിനെത്തി പ്രതിപക്ഷ മഹാസഖ്യമായ ഇന്ത്യയുടെ 21 അംഗ പ്രതിനിധി സംഘം. രണ്ട് ദിവസത്തെ സന്ദർശനത്തിന്‍റെ ഭാഗമായി ഇന്ന് ഉച്ചയ്‌ക്കാണ് സംഘം ഇംഫാലിൽ എത്തിയത്. ജനങ്ങളുടെ ആവശ്യത്തെ പ്രതിനിധീകരിക്കുക എന്നതാണ് തങ്ങള്‍ ഈ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സംസ്ഥാനത്തെത്തിയ ശേഷം പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.
ജനങ്ങളെ കേൾക്കണമെന്നും അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ തങ്ങള്‍ക്ക് പാർലമെന്‍റില്‍ അറിയിക്കേണ്ടതുണ്ടെന്നും കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി പറഞ്ഞു. ഇംഫാൽ വിമാനത്താവളത്തിലെത്തിയ ശേഷം ദേശീയ വാര്‍ത്ത ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങൾ മണിപ്പൂർ ഗവർണറോട് നിരവധി ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
20 അംഗ പ്രതിനിധി സംഘത്തിൽ ലോക്‌സഭയിലേയും രാജ്യസഭയിലേയും എംപിമാരായ അധിർ രഞ്‌ജൻ ചൗധരി, ഗൗരവ് ഗൊഗോയ്, രാജീവ് രഞ്‌ജൻ ലാലൻ സിങ്, സുസ്‌മിത ദേവ്, കനിമൊഴി കരുണാനിധി, പി സന്തോഷ് കുമാർ, എഎ റഹീം തുടങ്ങിയവരാണുള്ളത്. പ്രതിപക്ഷ സംഘത്തെ മണിപ്പൂർ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഒക്രം ഇബോബി സിങ് സ്വീകരിച്ചു. സംസ്ഥാനത്തെ അക്രമങ്ങൾ നിയന്ത്രിക്കുന്നതിൽ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജി വയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'സ്ഥിതിഗതികൾ കേന്ദ്രത്തെ അറിയിക്കേണ്ടതുണ്ട്': 'പ്രതിപക്ഷ നേതാക്കളുടെ ഈ സംഘം മണിപ്പൂരിൽ എത്തിയതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. അവർ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും മൂന്ന് മാസത്തോളമായി വീടുകളിൽ നിന്ന് മാറി നിൽക്കുന്ന ആളുകളെ കാണുകയും ചെയ്യും. ഇവിടുത്തെ സ്ഥിതിഗതികൾ അവർ കേന്ദ്ര സർക്കാരിനെ അറിയിക്കണം. മണിപ്പൂരില്‍ എത്രയും പെട്ടന്നുതന്നെ സാധാരണ നില പുനസ്ഥാപിക്കേണ്ടതുണ്ട്. മണിപ്പൂർ മുഖ്യമന്ത്രിയുടെ രാജി ആവശ്യവും ഞങ്ങള്‍ ഉയര്‍ത്തും.' - ഒക്രം ഇബോബി സിങ് പറഞ്ഞു.
ALSO READ | തുറന്നെഴുതി സത്യദീപം... 'വിവസ്ത്രം, വികൃതം, ഭാരതം'; മോദിക്ക് രൂക്ഷ വിമർശനവുമായി അങ്കമാലി അതിരൂപത
ഇംഫാൽ വിമാനത്താവളം വഴി എത്തിയ പ്രതിപക്ഷ സംഘം, മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം വംശീയ സംഘർഷം പൊട്ടുപ്പുറപ്പെട്ട ചുരാചന്ദ്പൂർ ജില്ല സന്ദര്‍ശിക്കും. പ്രൊഫ മനോജ് കുമാർ ഝാ, ജാവേദ് അലി ഖാൻ, മഹുവ മാജി, പിപി മുഹമ്മദ് ഫൈസൽ, അനീൽ പ്രസാദ് ഹെഗ്‌ഡെ, ഇടി മുഹമ്മദ് ബഷീർ, എൻകെ പ്രേമചന്ദ്രൻ, സുശീൽ ഗുപ്‌ത, അരവിന്ദ് സാവന്ത്, ഡി രവികുമാർ, തിരു തോൽ തിരുമാവളവൻ, ജയന്ത് സിങ്, ഫൂലോ ദേവി നേതം എന്നിവരും പ്രതിപക്ഷ സംഘത്തിലുണ്ട്.