ന്യൂഡൽഹി : 77ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി ഇന്ത്യൻ സായുധ സേനയുടെ ഡ്രസ് റിഹേഴ്‌സൽ ചെങ്കോട്ടയിൽ ആരംഭിച്ചു. സൈനിക ബാൻഡ്, നാവിക, വ്യോമസേന യൂണിറ്റുകൾ ഉൾപ്പടെ വിവിധ സംഘങ്ങൾ ഫുൾ ഡ്രസ് റിഹേഴ്‌സലിൽ പങ്കെടുത്തു. ഇന്നലെയാണ് തലസ്ഥാനത്തെ ചെങ്കോട്ടയിൽ (Red Fort) ഡ്രസ് റിഹേഴ്‌സൽ ആരംഭിച്ചത്. ഓഗസ്‌റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുമുണ്ട്.
എല്ലാ കേന്ദ്ര സർക്കാർ വകുപ്പുകളും സംസ്ഥാന സർക്കാരുകളും സ്വാതന്ത്ര്യ ദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. 'മേരി മതി മേരാ ദേശ്' കാമ്പയിന്‍റെ ഭാഗമായി ജമ്മു കശ്‌മീർ പൊലീസ് സംഘടിപ്പിച്ച 'ഹർ ഘർ തിരംഗ' റാലിയിൽ സ്‌കൂൾ വിദ്യാർഥികളടക്കം പങ്കെടുത്തിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിലേയ്‌ക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 50 നഴ്‌സിങ് ഓഫിസർമാരെ അതിഥികളായി ക്ഷണിച്ചിട്ടുണ്ട്.
ഇത്തരമൊരു നീക്കം ആരോഗ്യമേഖലയിലുള്ളവർക്ക് പ്രചോദനം നൽകുമെന്ന് നഴ്‌സിംഗ് ഓഫിസർ ജാവേദ് മുഹമ്മദ് പറഞ്ഞു. അതിഥികളായി ക്ഷണിച്ചതിന് അദ്ദേഹം പ്രധാനമന്ത്രിക്ക് നന്ദി പറയുകയും ചെയ്‌തു. ചെങ്കോട്ടയിൽ നടക്കുന്ന പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാൻ 1800 ലധികം ആളുകളെയാണ് ക്ഷണിച്ചിട്ടുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, കർഷകർ, സർപഞ്ചുമാർ (ഗ്രാമ മുഖ്യൻ), അധ്യാപകർ, മത്സ്യത്തൊഴിലാളികൾ തുടങ്ങി സമൂഹത്തിന്‍റെ വിവിധ മേഖലകളിലുള്ളവരെ ചടങ്ങിൽ അതിഥികളായി ക്ഷണിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഫ്ലാഗ് കോഡ് : അതേസമയം കേരളത്തിൽ, സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് ദേശീയ പതാക ഉപയോഗിക്കുമ്പോൾ ഫ്ലാഗ് കോഡ് കര്‍ശനമായി പാലിക്കണമെന്ന് പൊതുഭരണ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കോട്ടണ്‍, പോളിസ്റ്റര്‍, നൂല്‍, സില്‍ക്ക്, ഖാദി എന്നിവ ഉപയോഗിച്ച് കൈ കൊണ്ട് ഉണ്ടാക്കിയതോ മെഷീന്‍ നിര്‍മിതമോ ആയ ദേശീയ പതാകയാണ് ആഘോഷത്തിനായി ഉപയോഗിക്കേണ്ടതെന്നും ദീര്‍ഘ ചതുരാകൃതിയിലുള്ള പതാകയുടെ നീളവും ഉയരവും 3:2 അനുപാതത്തിലായിരിക്കണമെന്നും നിർദേശമുണ്ട്. ആദരവും ബഹുമതിയും ലഭിക്കുന്ന രീതിയിലാകണം പതാക സ്ഥാപിക്കേണ്ടത്.
Also Read : സ്വാതന്ത്ര്യ ദിനം, ഫ്ലാഗ് കോഡ് കര്‍ശനമായി പാലിക്കണം; നിർദേശം നൽകി പൊതുഭരണ വകുപ്പ്
കേടുപാടുള്ളതോ അഴുക്കുള്ളതോ ആയ പതാക ഉപയോഗിക്കരുതെന്നും ഒരു കൊടിമരത്തില്‍ മറ്റ് പതാകകള്‍ക്കൊപ്പം ദേശീയ പതാക ഉയര്‍ത്തരുതെന്നും ദേശീയ പതാകയേക്കാള്‍ ഉയരത്തില്‍ മറ്റ് പതാകകള്‍ സ്ഥാപിക്കരുതെന്നും ഫ്ലാഗ് കോഡിൽ പറയുന്നു. ദേശീയ പതാകയോട് അന്തസ്സും ബഹുമാനവും നിലനിര്‍ത്തി വ്യക്തികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് എല്ലാ ദിവസും ഉയര്‍ത്താനും അനുമതി നൽകിയിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തുകയും സെൻട്രൽ സ്റ്റേഡിയത്തിൽ ആഘോഷങ്ങൾ നടക്കുകയും ചെയ്യും.