ഹൈദരാബാദ്: രാജ്യത്തിന്‍റെ 77 -ാമത് സ്വാതന്ത്ര്യദിനാഘോഷം പ്രൗഢഗംഭീരമാക്കി റാമോജി ഫിലിം സിറ്റി (RFC). റാമോജി ഫിലിം സിറ്റി മാനേജിങ് ഡയറക്‌ടര്‍ വിജയേശ്വരി ചെറുകുരി ദേശീയ പതാക ഉയര്‍ത്തി. തൊട്ടുപിന്നാലെ ദേശീയ ഗാനം ഉയര്‍ന്നു. യുകെഎംഎല്‍ ഡയറക്‌ടര്‍ ശിവരാമകൃഷ്‌ണയും റാമോജി ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ ഹ്യൂമണ്‍ റിസോഴ്‌സസ് പ്രസിഡന്‍റ് അട്‌ലൂരി ഗോപാലറാവു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഇവരെക്കൂടാതെ റാമോജി ഗ്രൂപ്പിന്‍റെ വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവരും സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി. തുടര്‍ന്ന് ആര്‍എഫ്‌സി എംഡി വിജയേശ്വരി സി.എച്ച് ജീവനക്കാര്‍ക്ക് തന്‍റെ സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. സ്വാതന്ത്ര്യദിന ചടങ്ങിനുള്ള വേദി തിങ്കളാഴ്‌ച തന്നെ ഇവിടെ സജ്ജീകരിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ഫിലിം സിറ്റി മുഴുവന്‍ ചടങ്ങിനായി അലങ്കരിക്കുകയും ചെയ്‌തിരുന്നു.
അതേസമയം ഗിന്നസ് ലോക റെക്കോഡ്‌സില്‍ ഇടംപിടിച്ച റാമോജി ഫിലിം സിറ്റി വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ടയിടം കൂടിയാണ്. മാത്രമല്ല ആര്‍എഫ്‌സി വാഗ്‌ദാനം ചെയ്യുന്ന അതുല്യമായ അനുഭവത്തിനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ഇവിടെ എത്താറുണ്ട്. വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി റാമോജി ഫിലിം സിറ്റി ദേശസ്‌നേഹവും രാഷ്‌ട്രനിര്‍മിതിയും ബഹുമാനിച്ച് പോവുന്നയിടം കൂടിയാണ്. അതുകൊണ്ടുതന്നെ വര്‍ഷത്തിലുടനീളം ആര്‍എഫ്‌സിയിലെ മിക്ക കെട്ടിടങ്ങളിലും ത്രിവര്‍ണ പതാക പാറി പറക്കാറുണ്ട്.
മികവിന്‍റെ ആര്‍എഫ്‌സി: അടുത്തിടെ ടൂറിസം മികവിനുള്ള, തെലങ്കാന ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (എഫ്‌ടിസിസിഐ) എക്‌സലൻസ് പുരസ്‌കാരം റാമോജി ഫിലിം സിറ്റിക്ക് ലഭിച്ചിരുന്നു. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ തെലങ്കാന വ്യവസായ, ഐടി മന്ത്രി കെ.ടി രാമറാവുവിൽ നിന്ന് റാമോജി ഫിലിം സിറ്റി മാനേജിങ് ഡയറക്‌ടര്‍ സിഎച്ച് വിജയേശ്വരിയായിരുന്നു അവാർഡ് ഏറ്റുവാങ്ങിയത്. അതേസമയം റാമോജി ഫിലിം സിറ്റിയ്‌ക്ക് ഈ ബഹുമതി നേടിക്കൊടുത്തത് വിനോദസഞ്ചാര രംഗത്തെ മികവും പടിപടിയായുള്ള വളർച്ചയും പ്രതിബദ്ധതയുമാണ്.
മികവ് പുലര്‍ത്തുന്ന കോർപറേറ്റ് കമ്പനികള്‍, മറ്റ് സ്ഥാപനങ്ങൾ, സംരംഭകർ എന്നിവരെ ആദരിക്കുന്നതിന്‍റെ ഭാഗമായാണ് എഫ്‌ടിസിസിഐ ഈ പുരസ്‌കാരം വര്‍ഷംതോറും നല്‍കിവന്നിരുന്നത്. 22 വിഭാഗങ്ങളിലായി 150 എൻട്രികളാണ് ഇതിനായി എഫ്‌ടിസിസിഐക്ക് ലഭിച്ചത്. മാത്രമല്ല ഈ വർഷത്തെ മികച്ച സ്റ്റാർട്ടപ്പിനുള്ള അവാർഡ് ഏർപ്പെടുത്തിയതില്‍, 23 വിഭാഗങ്ങളിലായാണ് എഫ്‌ടിസിസിഐ നോമിനേഷനുകൾ ക്ഷണിച്ചത്. തുടര്‍ന്ന് എഫ്‌ടിസിസിഐ പ്രസിഡന്‍റ് അനിൽ അഗർവാൾ, എക്‌സലൻസ് അവാർഡ് കമ്മിറ്റി ചെയർമാൻ അരുൺ ലുഹാരുക, എഫ്‌ടിസിസിഐ വൈസ് പ്രസിഡന്‍റ് മീല ജയദേവ്, വൈസ് പ്രസിഡന്‍റ് സുരേഷ് കുമാർ സിംഗാള്‍ എന്നിവര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. അതേസമയം 106 വർഷം പഴക്കമുള്ളതും ഇന്ത്യയിലെ ഏറ്റവും സജീവവുമായ പ്രാദേശിക ചേംബറുകളില്‍ ഒന്നാണ് എഫ്‌ടിസിസിഐ.
Also Read: 'ഓസ്‌കർ കൊണ്ടുവരാൻ പറഞ്ഞത് റാമോജി റാവു', ഓസ്‌കർ മധുരവും ഓർമകളും പങ്കിട്ട് എംഎം കീരവാണി