ദബോലിം: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച എം.കെ 3 ഹെലികോപ്‌റ്ററുകള്‍ ഉള്‍പ്പെട്ട ഇന്ത്യൻ നേവല്‍ എയര്‍ സ്ക്വാഡ്രണ്‍ 323യുടെ ആദ്യ യൂണിറ്റ് സേനയുടെ ഭാഗമായി. അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളാണ് യൂണിറ്റിലുള്ളത്. ഐഎൻഎസ് ഹൻസയുടെ ഭാഗമായിട്ടായിരിക്കും ഈ യൂണിറ്റ് പ്രവര്‍ത്തിക്കുക. ഗോവയിലെ ദബോലിമില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ സഹമന്ത്രി ശ്രീപാദ് നായികാണ് യൂണിറ്റിനെ കമ്മിഷൻ ചെയ്തത്. വൈസ് അഡ്മിറൽ ആർ. ഹരി കുമാർ, പടിഞ്ഞാറൻ നേവൽ കമാൻഡ് ചീഫ്, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കൂടുതല്‍ വായനയ്‌ക്ക്: ബോറിസ് ജോണ്‍സന്‍റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി
ഐഎൻഎസ് 323 കമ്മിഷൻ ചെയ്യുന്നത് സമുദ്ര സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ മറ്റൊരു നാഴികക്കല്ലായി അടയാളപ്പെടുത്തിയതായി കേന്ദ്രമന്ത്രി പറഞ്ഞു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) നിർമ്മിക്കുന്ന ശക്തി എഞ്ചിനുള്ള അത്യാധുനിക മൾട്ടിറോൾ ഹെലികോപ്റ്ററായ എഎൽഎച്ച് എംകെ 3യുടെ മൂന്ന് ഹെലികോപ്‌റ്ററുകളാണ് സ്ക്വാഡ്രണിലുള്ളത്.
പൂര്‍ണമായും ഗ്ലാസ് കോക്‌പിറ്റുകളാണ് ഈ ഹെലികോപ്‌റ്ററുകള്‍ക്കുള്ളത്. രക്ഷാപ്രവർത്തനം, തീരദേശ നിരീക്ഷണം എന്നീ ചുമതലകളാണ് യൂണിറ്റിന് നല്‍കിയിരിക്കുന്നതെന്ന് നാവികസേന പറഞ്ഞു. ഘട്ടം ഘട്ടമായി 16 ഹെലികോപ്‌റ്ററുകള്‍ കൂടി ഉടൻ സേനയുടെ ഭാഗമാകുമെന്നും അധികൃതര്‍ അറിയിച്ചു. പരിചയസമ്പന്നനായ എഎല്‍എച്ച് കമാൻഡർ സാമിക് നണ്ടിയാണ് ഐഎൻഎസ് 323യുടെ കമാൻഡർ.