ന്യൂഡല്‍ഹി : സൈനിക ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തിയ 40കാരനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് 1ല്‍ വെള്ളിയാഴ്ചയാണ് സംഭവം. ഡല്‍ഹി സ്വദേശി ദിലീപ് കുമാറാണ് പിടിയിലായത്.
രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് സംഘത്തെ വിന്യസിക്കുകയും ആർമി യൂണിഫോമിലുണ്ടായിരുന്ന പ്രതിയെ പിടികൂടുകയുമായിരുന്നു. വ്യാജ ഐഡി കാര്‍ഡും ഒരു മൊബൈല്‍ ഫോണും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
മറ്റ് നിരവധി രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വാട്ട്‌സ്ആപ്പ് നമ്പറുകളുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നതായി മൊബൈല്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. ഈ നമ്പറുകളിൽ വീഡിയോ കോളുകളും നടത്തിയിട്ടുണ്ട്.
ALSO READ: പാലക്കാട് പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് തൂങ്ങി മരിച്ച നിലയിൽ
ഇന്ത്യൻ ആർമിയുടെ ക്യാപ്റ്റൻ ശേഖറിന്‍റെ പേരിലാണ് പ്രതി സമൂഹ മാധ്യമങ്ങളില്‍ ആള്‍മാറാട്ടം നടത്തിയിരുന്നത്. സ്ത്രീകളുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി ആയിരുന്നു ഇതെന്നും പ്രതി വെളിപ്പെടുത്തി. ചില വിദേശ പൗരന്മാരുമായി ചാറ്റ് ചെയ്തിട്ടുണ്ടെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്താരാഷ്ട്ര നമ്പറുകളുമായുള്ള ഇയാളുടെ ബന്ധം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.