വാഷിങ്ടൺ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുൻ സാമ്പത്തിക ഉപദേഷ്‌ടാവും സാമ്പത്തിക വിദഗ്‌ധയുമായ ഗീത ഗോപിനാഥ് ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റ് പദവി ഉപേക്ഷിക്കുന്നു. അടുത്ത വർഷം ജനുവരിയോടെ ജോലി ഉപേക്ഷിച്ച് ഹാർവാർഡ് സർവകലാശാലയിലേക്ക് തിരികെ പോകുമെന്ന് ഗ്ലോബൽ ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ റിപ്പോർട്ട് ചെയ്‌തു.
2019 ജനുവരിയിലാണ് 49കാരിയായ ഗീത ഗോപിനാഥ് ഇന്‍റര്‍നാഷണല്‍ മോണിട്ടറി ഫണ്ടിന്‍റെ ചീഫ് എക്കണോമിസ്റ്റ് ആയി നിയമിതയായത്. കണ്ണൂര്‍ സ്വദേശിയായ ഗീത ഗോപിനാഥ് നിലവില്‍ യുഎസ് പൗരയാണ്.
ഗീത ഗോപിനാഥിന്‍റെ പിൻഗാമിക്കായുള്ള അന്വേഷണം ഉടൻ ആരംഭിക്കുമെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിവ ചൊവ്വാഴ്‌ച വ്യക്തമാക്കിയിരുന്നു. ഗീത ഐഎംഎഫിന് നൽകിയ സംഭാവനകൾ ശ്രദ്ധേയമാണെന്നും ജോർജിയേവ പറഞ്ഞു. ഐഎംഎഫിന്‍റെ ചീഫ് ഇക്കണോമിസ്റ്റ് ആകുന്ന ആദ്യത്തെ വനിതയാണ് ഗീത ഗോപിനാഥ്. മൂന്ന് വർഷമാണ് ഇവർ ഐഎംഎഫിന്‍റെ പദവിയിൽ സേവനം അനുഷ്‌ഠിച്ചത്.
1971 ഡിസംബറിൽ ജനിച്ച ഗീത ഗോപിനാഥ് കൊൽക്കത്തയിൽ നിന്നാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഡൽഹിയിലെ ലേഡി ശ്രീ റാം കോളജിൽ നിന്ന് കൊമേഴ്‌സിൽ ബിരുദം നേടി. ഡൽഹി സ്‌കൂൾ ഓഫ് എക്കണോമിക്‌സിൽ നിന്നും വാഷിങ്ടൺ സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
ALSO READ: മഴക്കെടുതി; ഇതുവരെ മരണം 39 ആയെന്ന് റവന്യൂ മന്ത്രി