ന്യൂഡല്‍ഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ശൈത്യ തരംഗം ഈ ആഴ്ച തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കശ്മീരിൽ താപനില മൈനസ് ഏഴിലേക്കെത്തി. ഡല്‍ഹിയിലെ ചില മേഖലകളിൽ കഴിഞ്ഞ രാത്രിയും താപനില മൂന്ന് ഡിഗ്രി ആയിരുന്നു.
പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തുന്നത്. റെയില്‍-റോഡ് ഗതാഗതത്തിന് നിലവിലെ കാലാവസ്ഥ തടസം സൃഷ്‌ടിക്കുമെന്നും മുന്നറിയിപ്പുണ്ട്. പഞ്ചാബിലെ പടിഞ്ഞാറൻ ജില്ലകളിൽ കാഴ്ച പരിധി 5 മീറ്ററിൽ താഴെ എത്തിയ സാഹചര്യത്തിൽ റോഡ് അപകടങ്ങൾ തടയാൻ പൊലീസും ജാഗ്രത പുലർത്തുന്നുണ്ട്.
ബിഹാറില്‍ ഡിസംബര്‍ 31 വരെ സ്‌കൂള്‍ക്ക് അവധി പ്രഖ്യാപിച്ചു. പടിഞ്ഞാറൻ ഉത്തർപ്രദേശ്, രാജസ്ഥാന്‍, ഹരിയാന, ചണ്ഡീഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒറ്റപ്പെട്ട പോക്കറ്റുകളിൽ അടുത്ത മൂന്ന് ദിവസത്തേയ്‌ക്ക് ഇടതൂർന്ന മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയിലും മൂടല്‍ മഞ്ഞ് കനക്കുമെന്നതാണ് നിര്‍ദേശം.
കഴിഞ്ഞ ദിവസം ഹിമാചല്‍ പ്രദേശ്, ഡല്‍ഹി, ബിഹാര്‍, പശ്ചിമ ബംഗാള്‍, സിക്കിം, ഒറീസ, ആസാം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട പോക്കറ്റുകളില്‍ കനത്ത മൂടല്‍ മഞ്ഞ് കാണപ്പെട്ടു. ഡിസംബര്‍ 24ന് ഡല്‍ഹിയിലേയ്‌ക്ക് പുറപ്പെടേണ്ടിയിരുന്ന 14 ട്രെയിനുകള്‍ വൈകിയാണ് ഓടിയത്. ഡിസംബര്‍ 23ന് ഉത്തരേന്ത്യയില്‍ കനത്ത മഞ്ഞ് മൂടിയതിനാല്‍ ദൂരക്കാഴ്‌ച പരമാവധി കുറഞ്ഞിരുന്നു.