ന്യൂഡൽഹി: ഓഗസ്റ്റ്-സെപ്റ്റംബർ കാലയളവിൽ രാജ്യത്തൊട്ടാകെ ലഭിക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂണിന്‍റെ അളവ് സാധാരണ നിലയിലായിരിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു. ദീർഘകാല ശരാശരിയുടെ 95 മുതൽ 105 ശതമാനം വരെയാണ് ഓഗസ്റ്റ്-സെപ്റ്റംബർ കാലയളവിൽ പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥ വകുപ്പ്. രാജ്യത്തിന്‍റെ വടക്കുപടിഞ്ഞാറ്, കിഴക്ക്, വടക്കുകിഴക്ക് മേഖലകളിൽ സാധാരണയെക്കാൾ കുറഞ്ഞത് മുതൽ സാധാരണ നിലയിൽ വരെ മഴ ലഭിക്കുമെന്നും ഉപദ്വീപിയ ഇന്ത്യയുടെ ഭാഗങ്ങളിലും മധ്യ ഇന്ത്യയുടെ സമീപ പ്രദേശങ്ങളിലും സാധാരണ മുതൽ സാധാരണയേക്കാൾ കൂടിയ നിലയിൽ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മോഹപത്ര പറഞ്ഞു.
ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിന് ഉപരിതലത്തിലെ അന്തരീക്ഷ താപനില നിക്ഷ്‌പക്ഷമാണെന്നും എന്നാൽ മധ്യ, കിഴക്കൻ മധ്യരേഖാ പസഫിക് സമുദ്രത്തിന് മുകളിലുള്ള താപനില കുറവാണെന്നും അദ്ദേഹം പറഞ്ഞു. മൺസൂൺ കാലത്തിൽ ഉടനീളം ഈ നിക്ഷ്‌പക്ഷ താപനില തുടരാനാണ് സാധ്യതയെന്നും അദ്ദേഹം അറിയിച്ചു.
പസഫിക്ക് സമുദ്രത്തിലെ താപനിലയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾക്ക് പുറമെ ഇന്ത്യൻ മഹാസമുദ്രത്തിലെ ഉപരിതല താപനിലയും ഇന്ത്യയിലെ മൺസൂണിനെ സ്വാധീനിക്കുമെന്ന് മോഹപത്ര അറിയിച്ചു. നിലവിൽ ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിൽ നെഗറ്റിവ് ഇന്ത്യൻ ഓഷ്യൻ ഡിപോൾ ആണ് കാണിക്കുന്നത്. അത് മൺസൂൺ കാലം മുഴുവൻ തുടരുമെന്ന് മോഹപത്ര പറയുന്നു.
ഇന്ത്യയുടെ പലഭാഗങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത
നിലവിൽ മധ്യ, വടക്ക്-പടിഞ്ഞാറ് ഭാഗത്ത് കാണുന്ന ഈർപ്പം ഓഗസ്റ്റ് 4 വരെ തുടരും. അടുത്ത 4, 5 ദിവസങ്ങളിൽ ഉപദ്വീപീയ ഇന്ത്യയിലും മധ്യ-കിഴക്കൻ സംസ്ഥാനങ്ങളിലും (മഹാരാഷ്ട്ര, ഗുജറാത്ത്) മഴയുടെ അളവ് കുറയാനാണ് സാധ്യത. ഓഗസ്റ്റ് രണ്ട് മുതൽ ആറ് വരെ മധ്യപ്രദേശിൽ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. കിഴക്കൻ രാജസ്ഥാനിൽ ഓഗസ്റ്റ് 3ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. ഓഗസ്റ്റ് 4ഓടുകൂടി മഴയുടെ അളവിൽ കുറവ് ഉണ്ടാകും. 2021ലെ തെക്ക്-പടിഞ്ഞാറൻ മൺസൂണിന്‍റെ ആദ്യഘട്ട പ്രവചനം ഇന്ത്യൻ കാലാവസ്ഥ വകുപ്പ് ഏപ്രിൽ 16ന് പുറപ്പെടുവിച്ചിരുന്നു.