പനജി: സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായതിനെതുടർന്ന് ലോക്ക്ഡൗൺ വേണമെന്ന സർക്കാരിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഇന്ത്യന്‍ മെഡിക്കൽ അസോസിയേഷന്‍."ഗോവയിൽ വർദ്ധിച്ചുവരുന്ന കൊവിഡ് കേസുകൾ കുറയ്ക്കുന്നതിനുള്ള ശ്രമത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ വേണമെന്ന സർക്കാരിന്‍റെ തീരുമാനത്തെ ഐഎംഎ സ്വാഗതം ചെയ്യുന്നു", ഐഎംഎ മേധാവി ഡോ. വിനായക് ബുവാജി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയുന്നതുവരെ ലോക്ക്ഡൗൺ വേണമെന്ന് ഐഎംഎ പറഞ്ഞു." 'ബ്രേക്ക് ദി ചെയിൻ' ഫലപ്രദമാകുവാന്‍ 15 ദിവസമോ അതിൽ കൂടുതലോ ലോക്ക്ഡൗൺ നീട്ടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.ഇത് തീർച്ചയായും കൊവിഡ് കണക്ക് കുറക്കാന്‍ സഹായകമാകും", ഐഎംഎ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ കൊവിഡ് വ്യാപനം കുറക്കുന്നതിനായി ഏപ്രിൽ 29 മുതൽ മെയ് 3 വരെ കർശന ലോക്ക്ഡൗൺ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പത്രസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം 3,019 പുതിയ കൊവിഡ് കേസുകളും 36 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് സജീവമായ കേസുകളുടെ എണ്ണം 20,898 ആയി ഉയർന്നതായി സംസ്ഥാന ആരോഗ്യ ബുള്ളറ്റിൻ അറിയിച്ചു.