ന്യൂഡൽഹി: അലോപ്പതിയെയും ശാസ്ത്രീയ വൈദ്യശാസ്ത്രത്തെയും അപകീർത്തിപ്പെടുത്തിയ യോഗ ഗുരു രാംദേവിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നോട്ടീസ് അയച്ചതിനെത്തുടർന്ന് ഐഎംഎയുടെ ആരോപണം നിഷേധിച്ച് പതഞ്ജലി യോഗ്പീത് ട്രസ്റ്റ്. അലോപ്പതി വൈദ്യശാസ്ത്രത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ രാംദേവ് സംസാരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറൽ ആയതിനെ തുടർന്നാണ് മെഡിക്കൽ അസോസിയേഷൻ നടപടി സ്വീകരിച്ചത്.
എന്നാൽ സോഷ്യൽ മീഡിയയിൽ വൈറലായ ആ വീഡിയോയിൽ വാട്‌സ്ആപ്പിൽ വന്ന ഒരു സന്ദേശം ഗുരു രാംദേവ് വായിക്കുക മാത്രമായിരുന്നു എന്ന് ഹരിദ്വാർ ആസ്ഥാനമായുള്ള പതഞ്ജലി യോഗ്പീത് ട്രസ്റ്റ് തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞു. 'അദ്ദേഹത്തിനും പരിപാടിയിൽ പങ്കെടുത്ത മറ്റ് അംഗങ്ങൾക്കും ലഭിച്ച ഫോർവേഡ് വാട്ട്‌സ്ആപ്പ് സന്ദേശം അദ്ദേഹം വായിക്കുകയായിരുന്നു. കൊവിഡിന്‍റെ ഇത്തരം വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ രാവും പകലും ജോലി ചെയ്യുന്ന ഡോക്ടർമാരോടും മറ്റ് ഉദ്യോഗസ്ഥരോടും രാംദേവിന് വളരെയധികം ബഹുമാനമുണ്ട്', പതഞ്ജലി യോഗ്പീത് ട്രസ്റ്റ് അറിയിച്ചു.
ALSO READ: 24.1% പേർക്കും കൊവിഡ് ബാധിച്ചെന്ന് സർവേ, കേന്ദ്ര കണക്കില്‍ 2 ശതമാനത്തിനും താഴെ
അലോപ്പതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ രാംദേവിന്‍റെ വീഡിയോ പ്രചരിക്കുന്നതിനാൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ശനിയാഴ്ച ആവശ്യപ്പെട്ടിരുന്നു. ആധുനിക അലോപ്പതി ഒരു വിഡ്ഢിത്തവും പരാജയപ്പെട്ടതുമായ ശാസ്ത്രമാണ് എന്നതായിരുന്നു രാംദേവിന്‍റെ വിവാദമായ ആരോപണം.