ബെംഗളൂരു: കർണാടകയിൽ നേതൃമാറ്റം നടക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ രാജി, സ്ഥാനമൊഴിയൽ എന്നിവ സംബന്ധിച്ച് ബി.ജെ.പി ഹൈക്കമാൻഡിൽ നിന്ന് ഇതുവരെ നിർദേശം ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. പാർട്ടി ഹൈക്കമാൻഡിൽ നിന്ന് ഇന്ന് (ജൂലൈ 26) വൈകുന്നേരത്തോടെ നിർദേശം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പാർട്ടി എംഎൽഎമാരും മന്ത്രിമാരും കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. പാർട്ടി ഹൈക്കമാൻഡിന്‍റെ തീരുമാനം എന്തായാലും പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷമായി സ്വന്തം ജോലിയിൽ സംതൃപ്തനാണോയെന്ന ചോദ്യത്തിന്, "നിങ്ങൾ സംതൃപ്തനാണെങ്കിൽ തനിക്ക് അത് മതി" എന്നാണ് യെദ്യൂരപ്പ പ്രതികരിച്ചത്. കേന്ദ്ര തീരുമാനം വന്നാൽ മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യെദ്യൂരപ്പ സര്‍ക്കാര്‍ ജൂലൈ 26-ന് ഭരണത്തില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അതിന് ശേഷം ബിജെപി ദേശീയ അധ്യക്ഷൻ പറയുന്നത് എന്ത് തന്നെ ആണെങ്കിലും അത് താൻ അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തനിക്ക് ശേഷം ആരെന്നതിൽ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.