റായ്‌പൂർ : റായ്‌പൂര്‍ ജില്ലയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന അനാഥാലയത്തിൽ നിന്ന് പ്രായപൂർത്തിയാകാത്ത 19 കുട്ടികളെ വനിത-ശിശു ക്ഷേമ വകുപ്പ് രക്ഷപ്പെടുത്തി.
കുട്ടികളിൽ ഭൂരിഭാഗവും മധ്യപ്രദേശിലെ മാണ്ഡ്യ ജില്ലയിൽ നിന്നുള്ള, കൊവിഡ് മൂലം അനാഥരാക്കപ്പെട്ടവരാണെന്ന് പൊലീസ് പറയുന്നു.
രാഖി പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കെട്ടിടത്തിൽ വനിത-ശിശു ക്ഷേമ വകുപ്പ് നടത്തിയ പരിശോധനയിലാണ് അനധികൃതമായി അനാഥാലയം പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്.
റെയ്‌ഡ് സമയത്ത് പാചകക്കാരൻ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റിസാലി ലൈഫ് ഷോ ഫൗണ്ടേഷൻ ആണ് അനാഥാലയം നടത്തുന്നത്.
ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന അനാഥാലയം 20 ദിവസം മുൻപാണ് ആരംഭിച്ചതെന്ന് രേഖകൾ പരിശോധിച്ചതിൽ നിന്ന് പൊലീസ് കണ്ടെത്തി. കുട്ടികളെ കടത്തുന്ന സംഘവുമായി ബന്ധപ്പെടുത്തിയും വിഷയത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നു.
Also Read: നേരിട്ടുള്ള നികുതി പിരിവിൽ 91 ശതമാനം വർധന
ഇവിടെ ഒറ്റമുറിയിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചാണ് പാർപ്പിച്ചിരുന്നത്. കുട്ടികളെക്കുറിച്ച് ഒരു വിവരവും ചൈൽഡ് ലൈനിനോ പൊലീസിനോ സഖി കേന്ദ്രത്തിനോ ശിശുക്ഷേമ സമിതിക്കോ നൽകിയിട്ടില്ലെന്ന് പൊലീസ് പറയുന്നു.
രക്ഷപ്പെടുത്തിയ കുട്ടികളെ ശിശു കേന്ദ്രങ്ങളിലേക്ക് മാറ്റി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.