ന്യൂഡല്‍ഹി: കോഴിക്കോട് ബാലുശ്ശേരിയിലെ ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സിന് സർക്കാർ അനുവദിച്ച സ്ഥലത്ത് അനധികൃത നിർമാണം നടത്തുന്നുവെന്ന പരാതിയുമായി പി ടി ഉഷ. സംഭവം ചോദ്യം ചെയ്‌ത മാനേജ്മെന്‍റിനോട് അനധികൃത നിർമാണം നടത്തുന്നവർ മോശമായി പെരുമാറിയെന്നും പനങ്ങാട് പഞ്ചായത്തിന്‍റെ അറിവോടെയാണ് അനധികൃത നിർമാണം നടത്തുന്നതെന്നും ഉഷ ആരോപിച്ചു. പൊലീസിൽ പരാതിപ്പെട്ടതോടെ നിലവിൽ നിർമാണം നിർത്തിവച്ചിരിക്കുകയാണെന്നും പി ടി ഉഷ കൂട്ടിച്ചേർത്തു.
താൻ എംപിയായ ശേഷം ഇത്തരം അതിക്രമങ്ങൾ നിരന്തരമായി നേരിടുകയാണെന്നും പി ടി ഉഷ ആരോപിച്ചു. ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സിലെ വനിത താരങ്ങളുടെ സുരക്ഷയെപ്പറ്റിയുള്ള ആശങ്കയും പി ടി ഉഷ പ്രകടിപ്പിച്ചു. 'ഇതൊരു വളർന്നുവരുന്ന സ്ഥാപനമാണ്, നിരവധി കായികതാരങ്ങൾക്ക് അവിടെ പരിശീലനം നൽകുന്നുണ്ട്, ഇത്തരമൊരു സംഭവം ഇതാദ്യമല്ല. അവിടെ പഠിക്കുന്ന പെൺകുട്ടികളുടെ സുരക്ഷയാണ് ഞങ്ങളുടെ പ്രധാന ആശങ്ക'- പി ടി ഉഷ പറഞ്ഞു.
സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ സ്ഥാപനത്തിന്‍റെ ഭൂമി മതിൽ കെട്ടി വേർതിരിച്ചിരുന്നില്ല. മയക്കുമരുന്നിന് അടിമകളായവരും മറ്റ് സാമൂഹിക വിരുദ്ധരും രാത്രികാലങ്ങളിൽ കോമ്പൗണ്ടിലേക്ക് കയറുന്നു. ചിലർ മാലിന്യം നിക്ഷേപിക്കുന്നു. കായികതാരങ്ങളുടെ സുരക്ഷയെക്കുറിച്ച് ഞങ്ങൾ ആശങ്കാകുലരാണ്. മുഖ്യമന്ത്രി ഇടപെട്ട് ഈ പ്രശ്‌നം പരിഹരിക്കണമെന്ന് അഭ്യർഥിക്കുന്നുവെന്നും പി ടി ഉഷ പറഞ്ഞു.