ചെന്നൈ : കാലാവസ്ഥ പ്രവചനത്തിനായി പുതിയ മാതൃക വികസിപ്പിച്ച് മദ്രാസ് ഐഐടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി). ഇന്ത്യയിലെ തെക്കന്‍ പ്രദേശങ്ങളിലെ മഴയുടെ ലഭ്യത കണക്കാക്കുന്നതിന് അനുയോജ്യമായ രീതിയിലേയ്ക്ക് നിലവിലുണ്ടായിരുന്ന വെതര്‍ റിസര്‍ച്ച് ആന്‍റ് ഫോര്‍കാസ്റ്റിങ് മാതൃകയെ പരിഷ്‌കരിക്കുകയാണ് ചെയ്‌തിരിക്കുന്നത്. മദ്രാസ് ഐഐടിയിലെ ഗവേഷകയായ കൃതിഗയുടെ നേതൃത്വത്തിലാണ് പുതിയ മാതൃക വികസിപ്പിച്ചത്.
നിലവില്‍ ചെന്നൈ കോര്‍പറേഷനിലെ ജലസേചന വകുപ്പിന് കാലാവസ്ഥ വിവരങ്ങള്‍ നല്‍കുന്നതിനായാണ് മാതൃക ഉപയോഗിക്കുന്നത്. കോര്‍പറേഷനിലെ വെള്ളപ്പൊക്കം സംബന്ധിച്ചും പ്രദേശിക കാലാവസ്ഥയുടെ കൃത്യമായ പ്രവചനത്തിനും പുതിയ മാതൃക ഉപയോഗിക്കുന്നുണ്ട്. ആഴ്‌ചയിലെ മുഴുവന്‍ ദിവസവും തമിഴ്‌നാട് ദുരന്ത നിവാരണ അതോറിറ്റിക്ക് വിവരങ്ങള്‍ കൈമാറാന്‍ സാധിക്കുന്നുണ്ടെന്നും ഐഐടിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
നാല് കിലോമീറ്റര്‍ ദൂരപരിധിയിലുള്ള കാലാവസ്ഥ നിര്‍ണയിക്കാന്‍ ഐഐടി വികസിപ്പിച്ച പുതിയ മാതൃകയ്ക്ക് കഴിയും. അതേസമയം ഐഎംഡിക്ക് 25 കിലോമീറ്റര്‍ റെസല്യൂഷനാണുള്ളത്. ചെമ്പരമ്പരാക്കം റിസര്‍വോയറിന് തൊട്ടടുത്തുള്ള മേഖലകളിലെ കാലാവസ്ഥ വിവരങ്ങള്‍ റെക്കോഡ് ചെയ്‌ത് ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറുന്നുമുണ്ട്.
ഇത്തരം വിവരങ്ങള്‍ സ്ഥലത്തെ വെള്ളപ്പൊക്ക സാധ്യതകളെ കുറിച്ച് മനസിലാക്കാന്‍ സഹായിക്കുന്നു. ചെന്നൈ കോർപറേഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി തിരുനെൽവേലി ജില്ലയിലേയ്ക്കും വ്യാപിപ്പിക്കും. അതേസമയം തിരുച്ചിയെ സംബന്ധിച്ചിടത്തോളം താമിരഭരണി നദിയിലേയ്ക്കുള്ള ഒഴുക്കാണ് പ്രധാന പ്രവചനം.
നദിയുടെ വൃഷ്‌ടി പ്രദേശങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രവചിക്കാനായാല്‍ അത് വെള്ളപ്പൊക്ക ദുരന്തങ്ങളെ മുന്‍കൂട്ടി അറിയാന്‍ സഹായിക്കും. ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് രാജ്യമെമ്പാടും കാലാവസ്ഥ മാതൃക പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.
ഇന്ത്യയിലെ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിനെ കുറിച്ച് മനസിലാക്കുന്നതിനായി ഇത്തരം മാതൃകകള്‍ ഉപയോഗിക്കുന്നുണ്ട്. എങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തമിഴ്‌നാടിന്‍റെ വിവിധയിടങ്ങളില്‍ മണ്‍സൂണ്‍ പ്രതികൂലമായി ബാധിച്ചിരുന്നു.