ചെന്നൈ : ഐഐടി മദ്രാസില്‍ രണ്ട് വര്‍ഷത്തോളം ദലിത് ഗവേഷണ വിദ്യാര്‍ഥി ലൈംഗിക പീഡനം നേരിട്ട സംഭവത്തില്‍ കേസ് സിബി-സിഐഡിയ്ക്ക് കൈമാറണമെന്ന് ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമണ്‍സ് അസോസിയേഷന്‍ (എഐഡിഡബ്ല്യുഎ). ഐഐടിയിലെ രസതന്ത്ര വിഭാഗത്തിലെ ഗവേഷണ വിദ്യാര്‍ഥിയെ നാല് സഹപാഠികള്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിയ്ക്കുകയായിരുന്നു. 2021 മാര്‍ച്ചില്‍ വിദ്യാർഥി മൈലാപൂര്‍ വനിത പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും തുടര്‍ നടപടികളുണ്ടായില്ലെന്ന് എഐഡിഡബ്ല്യുഎ ജനറല്‍ സെക്രട്ടറി പി സുഗന്ധി പറഞ്ഞു.
പശ്ചിമ ബംഗാള്‍ സ്വദേശിയായ വിദ്യാർഥിയാണ് ക്യാമ്പസിനകത്ത് വച്ച് പീഡനം നേരിട്ടത്. പീഡന ദൃശ്യം ക്യാമറയില്‍ റെക്കോഡ് ചെയ്‌ത് ഭീഷണിപ്പെടുത്തി പ്രതികള്‍ രണ്ട് വര്‍ഷത്തിനിടെ പലവട്ടം വിദ്യാര്‍ഥിയെ പീഡിപ്പിയ്ക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് എടമന പ്രസാദ് എന്ന പ്രൊഫസറോട് വിദ്യാര്‍ഥി പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് സുഗന്ധി പറഞ്ഞു.
Also read: ആന്ധ്രയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് സ്‌ത്രീകളും കുട്ടികളുമടക്കം 8 മരണം, 45 പേർക്ക് പരിക്ക്
2020ല്‍ പീഡനത്തെ കുറിച്ച് ഐഐടി മദ്രാസ് ആഭ്യന്തര പരാതി പരിഹാര സമിതിയ്ക്ക് വിദ്യാർഥി പരാതി നല്‍കി. എന്നാല്‍ തുടര്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ വിദ്യാർഥി പലവട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആഭ്യന്തര പരാതി പരിഹാര സമിതി അന്വേഷണം പോലും പൂര്‍ത്തിയാക്കിയിട്ടില്ലെന്നും സുഗന്ധി കുറ്റപ്പെടുത്തി.
ഐഐടി മദ്രാസ് ആഭ്യന്തര പരാതി പരിഹാര സമിതി അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കണമെന്നാണ് എഐഡിഡബ്ല്യുഎ നിലപാട്. വിദ്യാർഥിയ്ക്ക് നീതി ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.