മുംബൈ: ലോകത്തിലെ മികച്ച 150 സർവകലാശാലകളുടെ പട്ടികയില്‍ ഇടം നേടി മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ബോംബൈ ഐഐടി). ബുധനാഴ്‌ച പുറത്തിറക്കിയ ക്വാക്വരെല്ലി സൈമണ്ട്‌സിന്‍റെ (ക്യുഎസ്) വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിന്‍റെ ഏറ്റവും പുതിയ പതിപ്പിലാണ് ബോംബൈ ഐഐടിയുടെ ചരിത്ര നേട്ടം. കഴിഞ്ഞ വർഷം ഉണ്ടായിരുന്ന 177-ാം റാങ്കിൽ നിന്നും 149-ാം റാങ്കിലേക്കാണ് ബോംബൈ ഐഐടി ഉയര്‍ന്നത്.
ഓവറോള്‍ സ്‌കോര്‍ നൂറില്‍ 51.7 മാര്‍ക്ക് നേടിയാണ് ബോംബൈ ഐഐടി ഇന്ത്യയിലെ ഏറ്റവും മികച്ച റാങ്കിങ് സ്വന്തമാക്കിയത്. ഔദ്യോഗിക പ്രസ്‌താവനയിലൂടെ ബോംബൈ ഐഐടിയാണ് ഇക്കാര്യം അറിയിച്ചത്. എക്കാലത്തേയും ഉയർന്ന റാങ്ക് നേടിയതിന് ക്വാക്വരെല്ലി സൈമണ്ട്‌സിന്‍റെ സ്ഥാപകനും സിഇഒയുമായ നുൺസിയോ ക്വാക്വരെല്ലി ഐഐടി ബോംബെയെ അഭിനന്ദിച്ചു.
ഈ വർഷം 2900 സ്ഥാപനങ്ങളെയാണ് റാങ്ക് ചെയ്‌തിട്ടുള്ളതെന്നും ഇതില്‍ 45 ഇന്ത്യൻ സർവകലാശാലകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ സര്‍വകലാശാലകളുടെ ഓവറോള്‍, സബ്‌ജക്‌ട് റാങ്കിങ്ങിന്‍റെ വാര്‍ഷിക പ്രസിദ്ധീകരണമാണ് ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്. നേരത്തെ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) ബാംഗ്ലൂർ 2016-ൽ 147 റാങ്കോടെ ഏറ്റവും ഉയർന്ന റാങ്ക് കരസ്ഥമാക്കിയിരുന്നു.
ഇതാദ്യമായാണ് ക്വാക്വരെല്ലി സൈമണ്ട്‌സിന്‍റെ (ക്യുഎസ്) വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ ഐഐടി ബോംബൈ ആദ്യ 150-ല്‍ ഇടം നേടുന്നത്. മൊത്തത്തിൽ, സ്ഥാപനം 23 സ്ഥാനങ്ങള്‍ ഉയര്‍ന്നാണ് നിലവിലെ റാങ്കിലേക്ക് എത്തിയത്. ഒമ്പത് പാരാമീറ്ററുകള്‍ അടിസ്ഥാനമാക്കിയാണ് ക്യുഎസ് റാങ്കിങിൽ നിശ്ചയിക്കുന്നത്.
ഇതില്‍ എംപ്ലോയർ റെപ്യൂട്ടേഷനില്‍ ആഗോളതലത്തിൽ 69-ാം റാങ്കിലേക്ക് എത്താന്‍ ഐഐടി ബോംബൈക്ക് കഴിഞ്ഞുവെന്നത് ഏറെ ശ്രദ്ധേയമാണ്. എംപ്ലോയർ റെപ്യൂട്ടേഷനില്‍ 81.9 മാര്‍ക്കാണ് സ്ഥാപനത്തിന് ലഭിച്ചിട്ടുള്ളത്. കൂടാതെ ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ ഇതാദ്യമായാണ് 45 ഇന്ത്യൻ സ്ഥാപനങ്ങൾ ഇടം നേടുന്നത്. റാങ്കിങ്ങിലേക്ക് ഉള്‍പ്പെട്ട ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളുടെ എണ്ണത്തില്‍ ഒമ്പത് വർഷത്തിനിടെ 297% വർധനവുണ്ടായതായും ക്വാക്വരെല്ലി സൈമണ്ട്‌സ് സ്ഥാപകന്‍ അറിയിച്ചിട്ടുണ്ട്.
780-ാം റാങ്ക് നേടിയതിനും മികച്ച പ്രകടനം നടത്തുന്ന ഇന്ത്യൻ സ്വകാര്യ സർവകാലാശാല ആയി മാറിയതിനും ചണ്ഡിഗഡ് സർവകലാശാലയെ ചീഫ് നുൺസിയോ ക്വാക്വരെല്ലി അഭിനന്ദിച്ചു.