ബെംഗളുരു: ഭാര്യയും ഐപിഎസ് ഉദ്യോഗസ്ഥയുമായ വർത്തിക കത്തിയാറിനെതിരെ നടിപടി ആവശ്യപ്പെട്ട് കർണാടക ചീഫ് സെക്രട്ടറിക്ക് കത്തയച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥൻ നിതിൻ സുഭാഷ് ലോല. വർത്തിക കത്തിയാർ ഭർത്താവായ ലോലയ്ക്കെതിരെ സ്ത്രീധന പീഡനം, ആസിഡ് ആക്രമണം, വധ ഭീഷണി തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് പരാതി നൽകിയതിന് പിന്നാലെയാണ് ലോല കത്തയച്ചത്.
ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ലോല കത്തിൽ ഉന്നയിച്ചിരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥനായ അനുരാഗ് തിവാരിയുടെ മരണത്തിൽ വർത്തികയ്ക്ക് പങ്കുണ്ടെന്ന് കത്തിൽ പറയുന്നു. 2017 മെയ് 17നാണ് കർണാടക കേഡർ ഐഎഎസ് ഓഫിസർ അനുരാഗ് തിവാരിയെ (36) ലഖ്‌നൗവിലെ ഗസ്റ്റ്ഹൗസിന് പുറത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
സംസ്ഥാന സർക്കാരിന്‍റെ അനുമതിയില്ലാതെ വർത്തിക അയാസ് ഖാൻ എന്ന വ്യക്തിയുമായി വിവിധ വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്തുവെന്നും സിവിൽ സർവീസ് നിയമങ്ങൾ ലംഘിച്ച് കാസിനോ സന്ദർശിച്ചുവെന്നും കത്തിൽ പരാമർശിക്കുന്നു.
2017ൽ വർത്തിക ദേഷ്യം നിയന്ത്രിക്കാൻ നിംഹാൻസിൽ ചികിത്സ തേടിയിട്ടുണ്ടെന്നും പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കുന്നതിന് മുൻപ് ഇത്തരം ഘടകങ്ങൾ കണക്കിലെടുക്കണമെന്ന് അഭ്യർഥിക്കുന്നുവെന്നും കത്തിൽ പറയുന്നു.
ബാക്കി ആരോപണങ്ങളിൽ ഡൽഹി പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഡൽഹി ഹൈക്കോടതിയിൽ അതിന്‍റെ വിചാരണ നടന്നുവരികയാണ്. എന്നാൽ ഭർത്താവിന്‍റെ ആരോപണങ്ങളോട് പ്രതികരിച്ച വർത്തിക, തന്നോട് പ്രതികാരം ചെയ്യാനാണ് ഭർത്താവ് കത്ത് നൽകിയതെന്ന് പറഞ്ഞു.
Also Read: ഡൽഹി നിയമസഭ മന്ദിരത്തിൽ രഹസ്യ തുരങ്കം; നീളുന്നത് ചെങ്കോട്ട വരെ!