ഗോണ്ട (യുപി) : യുപിയിൽ ബിജെപി അധികാരം നിലനിർത്തിയാൽ എല്ലാ വർഷവും ഹോളിക്കും ദീപാവലിക്കും സൗജന്യ എൽപിജി ഗ്യാസ് സിലിണ്ടർ നൽകുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സംസ്ഥാനത്തെ മൂന്നാം ഘട്ട തിരഞ്ഞടുപ്പിന്‍റെ ഭാഗമായി ഗോണ്ടയിലെ കേണൽഗഞ്ചിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.
റാലിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും രാജ്‌നാഥ് സിങ് രംഗത്തെത്തി. ചൈനയും പാക്കിസ്ഥാനും അടുപ്പത്തിലാണെന്ന രാഹുലിന്‍റെ പരാമര്‍ശത്തിനെതിരായാണ് ബിജെപി മന്ത്രി പ്രതികരിച്ചത്. രാഹുൽ ഗാന്ധി പുരാതന ഇന്ത്യയുടെ ചരിത്രം പഠിച്ചിട്ടില്ലെന്നും, ആധുനിക ഇന്ത്യയുടെ ചരിത്രമെങ്കിലും പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
"പാകിസ്ഥാൻ അനധികൃതമായി കൈയേറിയ ഷക്‌സ്‌ഗാം താഴ്‌വരയുടെ പ്രദേശം ചൈനയ്ക്ക് കൈമാറുമ്പോൾ ജവഹർലാൽ നെഹ്‌റുവായിരുന്നു പ്രധാനമന്ത്രി. പാക് അധീന കശ്മീരിൽ കാരക്കോരം ഹൈവേ നിർമ്മിച്ചപ്പോൾ ഇന്ദിരാഗാന്ധിയായിരുന്നു പ്രധാനമന്ത്രി. സിപിഇസിയുടെ നിർമ്മാണം തുടങ്ങിയപ്പോൾ മൻമോഹൻ സിങ്ങായിരുന്നു മോദി ജിയായിരുന്നില്ല പ്രധാനമന്ത്രി" രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
ഗാൽവാൻ ഏറ്റുമുട്ടലിൽ ധാരാളം ഇന്ത്യൻ സൈനികരും 3-4 ചൈനീസ് സൈനികരും മാത്രമാണ് കൊല്ലപ്പെട്ടതെന്ന് രാഹുൽ ഗാന്ധി പാർലമെന്‍റിൽ പറയുന്നത് കാണുന്നത് വേദനാജനകമാണ്. രാഹുലിന്‍റെ പ്രസ്താവയ്‌ക്ക് തൊട്ടുപിന്നാലെ, ഗാൽവാൻ ഏറ്റുമുട്ടലിൽ 38-50 വരെ ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി ഓസ്‌ട്രേലിയയിലെ ഒരു അന്വേഷണാത്മക പത്രപ്രവർത്തകൻ റിപ്പോർട്ട് ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിപ്പോള്‍ ശക്തമായ ഒരു രാജ്യമായി വളര്‍ന്നതായും രാജ്‌നാഥ് സിങ് പറഞ്ഞു. "ഇന്ത്യ ഇപ്പോൾ ഒരു ദുർബ്ബല രാജ്യമല്ല. അത് ശക്തമായ രാജ്യമായി ഉയർന്നുവന്നു. നേരത്തെ, ആഗോള വേദികളിൽ ഇന്ത്യ എന്തെങ്കിലും പറഞ്ഞാൽ ലോകം കേൾക്കില്ലായിരുന്നു. ഇന്ന് ലോകം ഇന്ത്യ സംസാരിക്കുമ്പോൾ അത് ശ്രദ്ധയോടെ കേൾക്കുന്നു" അദ്ദേഹം കൂട്ടിച്ചേർത്തു.