ന്യൂഡൽഹി : രാജ്യത്തെ ജനസംഖ്യയിൽ 24.1 ശതമാനത്തിനും കൊവിഡ് ബാധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) സർവേ. രാജ്യത്ത് രണ്ടുശതമാനത്തിന് താഴെ ജനങ്ങൾക്ക് മാത്രമേ കൊവിഡ് ബാധിച്ചിട്ടുള്ളൂവെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലവ് അഗർവാളിന്‍റെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നത്. 2020 ഡിസംബർ 17 മുതൽ 2021 ജനുവരി വരെ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഐസിഎംആർ ഇത് തയ്യാറാക്കിയത്.
Also Read:വാക്‌സിൻ ഉപയോഗം കൂടുതൽ കാര്യക്ഷമമായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
2020 ഡിസംബറോടെ 25.6 ശതമാനം ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് ബാധിച്ചതായി സർവേയിൽ പറയുന്നു. പങ്കെടുത്ത 10 വയസിന് മുകളിലുള്ള നാലിൽ ഒരാൾക്ക് കൊവിഡ് ബാധിച്ചതായി കണ്ടെത്തി. രാജ്യത്തെ 21 സംസ്ഥാനങ്ങളിലായി 700 ഗ്രാമങ്ങളിലും 70 ജില്ലകളിലുമാണ് പഠനം നടത്തിയത്. പൊതുജനങ്ങളിൽ നിന്ന് രക്ത സാമ്പിളുകൾ എടുത്ത് ഐജിഎം ആന്‍റിബോഡി പരിശോധനയ്‌ക്ക് വിധേയമാക്കുകയായിരുന്നു. ഒരാൾക്ക് നേരത്തെ കൊവിഡ് വന്നുപോയിട്ടുണ്ടോ എന്ന് ഈ പരിശോധനയിലൂടെ വ്യക്തമാകും.
Also Read:വാക്‌സിൻ വിതരണം സർക്കാർ നിയന്ത്രണത്തിലാകണമെന്ന് ജഗന്‍
2020 മെയ്-ജൂൺ മാസങ്ങളിൽ ഐസിഎംആർ നടത്തിയ പരിശോധനകളിൽ 0.73 ശതമാനം പേർക്കും 2020 ഓഗസ്റ്റ്-സെപ്റ്റംബർ കാലയളവിൽ 7.1 ശതമാനവും പേർക്കും രോഗം വന്നുപോയതായി കണ്ടെത്തിയിരുന്നു. ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലാണ് രോഗ ലക്ഷണങ്ങളില്ലാതെ കൊവിഡ് വന്നുപോയവർ ഉള്ളതെന്നും പഠനത്തിൽ പറയുന്നു. സർവേയ്‌ക്ക് വിധേയരാവാത്ത വലിയൊരു വിഭാഗത്തിന് രോഗം വന്നുപോയിട്ടുണ്ടാകാം എന്നും അടുത്തതില്‍ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമെന്നും ഐസിഎംആറിന്‍റെ മുതിർന്ന ഉപദേഷ്‌ടാവ് ഡോ.സുനിൽ ഗാർഗ് അറിയിച്ചു.