ന്യൂഡൽഹി: കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ പുതിയ മാർഗനിർദേശങ്ങളുമായി ഐസിഎംആർ. ഒരിക്കൽ രോഗം സ്ഥിരീകരിച്ചവർക്ക് വീണ്ടും ആർടിപിസിആർ പരിശോധന നടത്തരുതെന്നാണ് പ്രധാന നിര്‍ദേശം. രാജ്യത്തെ ലബോറട്ടറികളുടെ ഭാരം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് മാർഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്തിയത്.
കൂടാതെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി ഡിസ്‌ചാർജ് ആകുന്നതിന് മുമ്പ് നടത്തുന്ന പരിശോധനയും ഒഴിവാക്കി. ആരോഗ്യപ്രശ്‌നമില്ലാത്തവർക്ക് ഇതരസംസ്ഥാന യാത്ര നടത്തുന്നതിനായി ആർടിപിസിആർ നടത്തണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ രോഗലക്ഷണം കണ്ടാൽ അന്തർസംസ്ഥാന യാത്ര ഒഴിവാക്കണമെന്നും ഐസിഎംആർ നിർദ്ദേശിക്കുന്നു.
മൊബൈൽ പരിശോധന ലാബുകളുടെ സേവനം സംസ്ഥാനങ്ങൾ പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. കൂടാതെ നഗരങ്ങളിലും ഗ്രാമങ്ങളിലും റാപ്പിഡ് ആന്‍റിജൻ ടെസ്റ്റ് പരിശോധനകൾ വർധിപ്പിക്കണം. ഇതിനായി ഹെൽത്ത് സെന്‍ററുകൾ ,സ്കൂളുകൾ, കോളജുകൾ, കമ്മ്യൂണിറ്റി സെന്‍ററുകൾ തുടങ്ങി ലഭ്യമായ സ്ഥലങ്ങളിലെല്ലാം പരിശോധനാ ബൂത്തുകൾ സജ്ജീകരിക്കണമെന്നും ഐസിഎംആർ നിർദ്ദേശിച്ചു.