ന്യൂഡൽഹി : സ്വാതന്ത്ര്യ സമര നായകരുടെ പോസ്റ്ററിൽ നിന്ന് ജവഹർലാൽ നെഹ്‌റുവിനെ ഒഴിവാക്കിയതിൽ വിശദീകരണവുമായി ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസില്‍ (ഐസിഎച്ച്ആർ) ഡയറക്ടർ.
സ്വാതന്ത്ര്യദിനത്തിന്‍റെ 75 -ാം വാർഷികം പ്രമാണിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ പോസ്റ്ററിൽ നിന്നാണ് ഐസിഎച്ച്ആർ നെഹ്‌റുവിന്‍റെ ചിത്രം ഒഴിവാക്കിയത്.
പോസ്റ്ററിൽ നിന്ന് നെഹ്‌റുവിന്‍റെ ചിത്രം ഒഴിവാക്കിയത് വൻ വിമർശനത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ഐസിഎച്ച്ആർ എത്തിയത്.
ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി നിരവധി പോസ്റ്ററുകൾ ഉണ്ടെന്നും അതിൽ ഒന്നുമാത്രമാണ് വെബ്‌സൈറ്റിൽ നൽകിയതെന്നുമാണ് ഐസിഎച്ചആർ ഡയറക്ടർ ഓം ജീ ഉപാധ്യായയുടെ വിശദീകരണം.
താമസിയാതെ മറ്റ് പോസ്റ്ററുകൾ തയ്യാറാകും. അമ്പതിലധികം വ്യക്തിത്വങ്ങൾ ഈ പോസ്റ്ററുകളുടെ ഭാഗമാകുമെന്നും ഡയറക്ടർ പറഞ്ഞു. നെഹ്‌റുവിന്‍റെ സംഭാവനകളെ വിലകുറച്ചുകാണാൻ കൗണ്‍സിൽ ശ്രമിച്ചിട്ടില്ല.
എൻസിആർടിയുടെ ആധുനിക ഇന്ത്യ എന്ന പാഠപുസ്തകത്തിൽ 17 തവണ നെഹ്‌റുവിന്‍റെ പേര് പരാമർശിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങളും ഉണ്ട്.
ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായി ഇറങ്ങുന്ന അടുത്ത പോസ്റ്ററിൽ നെഹ്‌റുവിന്‍റെ ചിത്രം ഉണ്ടാകുമെന്നും ഐസിഎച്ച്ആർ ഡയറക്ടർ അറിയിച്ചു.