പട്‌ന: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുറഞ്ഞ വിലയ്ക്ക് സാനിറ്ററി പാഡുകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാർഥിയെ അധിക്ഷേപിച്ച സംഭവത്തിൽ ബിഹാർ വനിത ശിശു വികസന കോർപറേഷൻ അധ്യക്ഷ ഹർജോത് കൗർ ഭമ്ര വിവാദത്തിലായിരുന്നു. ഇന്ന് നിങ്ങള്‍ സാനിറ്ററി പാഡ് ആവശ്യപ്പെട്ടു, നാളെ നിങ്ങള്‍ സൗജന്യമായി കോണ്ടവും ആവശ്യപ്പെടുമോ എന്നായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥയുടെ വിവാദ പ്രസ്‌താവന. എന്നാൽ തന്‍റെ ചോദ്യം തെറ്റായിരുന്നില്ല എന്ന് ചോദ്യം ചോദിച്ച വിദ്യാർഥി റിയ കുമാരി പറയുന്നു.
"സാനിറ്ററി പാഡുകളെ പറ്റിയുള്ള എന്‍റെ ചോദ്യം തെറ്റായിരുന്നില്ല. എനിക്കത് വാങ്ങാൻ കഴിയും. എന്നാൽ ചേരികളിൽ താമസിക്കുന്ന പലർക്കും അത് വാങ്ങാൻ പണമില്ല. അതിനാൽ എനിക്ക് വേണ്ടി മാത്രമല്ല, എല്ലാ പെൺകുട്ടികൾക്കും വേണ്ടിയാണ് ഞാൻ ആ ചോദ്യം ചോദിച്ചത്. ഞങ്ങളുടെ ആശങ്ക അറിയിക്കാനാണ് അവിടെ പോയത്. അല്ലാതെ വഴക്കുണ്ടാക്കാനല്ല", റിയ പറയുന്നു.
യൂനിസെഫുമായി ചേർന്ന് സംസ്ഥാന വനിത ശിശു വികസന വകുപ്പ് 'സശക്ത് ബേട്ടി, സമൃദ്ധ് ബിഹാർ' (ശാക്തീകരിക്കപ്പെട്ട പെൺമക്കൾ, സമൃദ്ധമായ ബിഹാർ) എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശിൽപശാലയിലാണ് ഐഎഎസ് ഉദ്യോഗസ്ഥ വിവാദ പരാമർശം നടത്തിയത്. 20 രൂപയ്ക്കും 30 രൂപയ്ക്കും സാനിറ്ററി പാഡുകൾ നൽകാൻ സർക്കാരിന് കഴിയില്ലേയെന്ന ചോദ്യമാണ് ഭമ്രയെ ചൊടിപ്പിച്ചത്. "ഇന്ന് നിങ്ങള്‍ 20 രൂപയ്ക്കും 30 രൂപയ്ക്കും സാനിറ്ററി പാഡ് ആവശ്യപ്പെട്ടു. നാളെ നിങ്ങള്‍ ജീന്‍സും മനോഹരമായ ഷൂസും ആവശ്യപ്പെടും, പിന്നീട് കുടുംബാസൂത്രണത്തിന്‍റെ പേരില്‍ സൗജന്യമായി കോണ്ടവും ആവശ്യപ്പെടും", എന്ന് ഭമ്ര മറുപടി നൽകി.
എന്നാൽ സംഭവത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിക്കുകയും നിരവധി പേർ വിമർശനവുമായി രംഗത്തെത്തുകയും ചെയ്‌തതോടെ ഭമ്ര പരസ്യമായി ക്ഷമാപണം നടത്തി. “എന്‍റെ വാക്കുകൾ ഏതെങ്കിലും പെൺകുട്ടിയുടെ വികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. ആരെയും അപമാനിക്കാനോ ആരുടെയും വികാരം വ്രണപ്പെടുത്താനോ ഞാൻ ഉദ്ദേശിച്ചിട്ടില്ല", ഭമ്ര കൂട്ടിച്ചേർത്തു.
വിദ്യാർഥിയോടുള്ള രൂക്ഷമായ പ്രതികരണത്തിൽ ദേശീയ വനിത കമ്മിഷൻ ഐഎഎസ് ഉദ്യോഗസ്ഥയോട് വിശദീകരണം തേടി. ഉത്തരവാദിത്തപ്പെട്ട ഒരു വ്യക്തിയിൽ നിന്നുള്ള ഇത്തരം നിർവികാരമായ മനോഭാവം അപലപനീയവും അങ്ങേയറ്റം ലജ്ജാകരവുമാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു.