ന്യൂഡല്‍ഹി: രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തില്‍ ദുബായില്‍ നിന്നും ആറ് ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ രാജ്യത്തെത്തിച്ച് ഇന്ത്യന്‍ വ്യോമസേന. ദുബായ് വിമാനത്താവളത്തില്‍ നിന്ന് ഐഎഎഫ് സി 17 വിമാനത്തിലാണ് ആറ് ക്രയോജനിക് കണ്ടെയ്‌നറുകള്‍ ഇന്ത്യയിലെത്തിച്ചത്. കണ്ടെയ്നറുകള്‍ പശ്ചിമ ബംഗാളിലെ പനഗറിലെ എയര്‍ബേസിലെത്തിക്കുകയായിരുന്നുവെന്ന് ഐഎഎഫ് അറിയിച്ചു.
കൂടുതല്‍ വായനയ്‌ക്ക് ; ഓക്സിജന്‍ വിതരണം : ദുബായില്‍ നിന്ന് 2 കണ്ടെയ്നറുകള്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ
ജയ്‌പൂരില്‍ നിന്നും ജംനഗര്‍ എയര്‍ ബേസിലേക്ക് ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ എയര്‍ലിഫ്‌റ്റ് ചെയ്യുമെന്നും വ്യോമസേന കൂട്ടിച്ചേര്‍ത്തു. ജോദ്‌പൂരില്‍ നിന്നും ഉദയ്‌പൂരില്‍ നിന്നും ജംനഗര്‍ എയര്‍ബേസിലേക്കും ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ വൈകാതെ എത്തിക്കും. ഏപ്രില്‍ 24ന് സിംഗപ്പൂരില്‍ നിന്നും വ്യോമസേന ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ എത്തിച്ചിരുന്നു. ചാംഗി വിമാനത്താവളത്തില്‍ നിന്നും നാല് ക്രയോജനിക് കണ്ടെയ്‌നറുകളുമായാണ് പനാഗര്‍ എയര്‍ ബേസിലേക്ക് വ്യോമസേന വിമാനത്തിലെത്തിച്ചത്. അന്നേ ദിവസം തന്നെ ഹിന്ദാന്‍ എയര്‍ ബേസില്‍ നിന്ന് 2 ക്രയോജനിക് കണ്ടെയ്‌നറുമായി സി 17 വിമാനം പൂനെ എയര്‍ ബേസിലെത്തിച്ചിരുന്നു.