ചെന്നൈ: അവസാന ശ്വാസം വരെ താൻ രാഷ്ട്രീയത്തിൽ ഉണ്ടാകുമെന്ന പ്രഖ്യാപനവുമായി കമൽ ഹാസൻ. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി കനത്ത തോൽവി ഏറ്റുവാങ്ങിയതിനെ തുടർന്ന് മുഖ്യഭാരവാഹികൾ രാജിവെച്ച പശ്ചാത്തലത്തിലാണ് താരം ട്വിറ്ററിലൂടെ ഈ പ്രഖ്യാപനം നടത്തിയത്. കൂടുതൽ ശക്തിയോടെ പാർട്ടി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. മക്കൾ നീതി മയ്യത്തിന്‍റെ പരിവർത്തനം ചെയ്ത പതിപ്പ് എല്ലാവരും കാണും. പ്രത്യയശാസ്ത്രത്തിൽ വ്യക്തതയും തങ്ങളുടെ പാതയില്‍ സത്യസന്ധതയും ഉള്ളതിനാൽ ആർക്കും തങ്ങളുടെ യാത്ര തടയാൻ കഴിയില്ലെന്നും അദ്ദേഹം കുറിച്ചു.
പരാജയത്തെ തുടർന്ന് നേതൃനിരയിലെ പ്രമുഖരെല്ലാം പാർട്ടി വിട്ടുകൊണ്ടിരിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റു പോലും നേടാനാകാത്തതിൽ കടുത്ത നിരാശയിലായിരുന്നു നേതാക്കളേറെയും. എന്നാൽ, ഇപ്പോൾ പുറത്തു പോകുന്നത് ആവശ്യമില്ലാത്ത കളകളാണ് എന്നായിരുന്നു കമൽഹാസൻ നേതാക്കളുടെ രാജിയോട് പ്രതികരിച്ചിരുന്നത്. മൂന്ന് വർഷം മുമ്പ് രൂപീകരിച്ച കമൽഹാസെൻറ മക്കൾ നീതി മയ്യം തമിഴ്നാട്ടിൽ 294 സീറ്റിലും മത്സരിച്ചിരുന്നു. എന്നാൽ, കോയമ്പത്തൂർ സൗത്തിൽ നിന്ന് മത്സരിച്ച കമൽഹാസനടക്കമുള്ള ഒരു സ്ഥാനാർഥിക്കും വിജയിക്കാനായില്ല. ഇതേ തുടർന്ന് നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടുന്നതാണ് പിന്നെ കണ്ടത്. വൈസ് പ്രസിഡന്‍റ് ആർ. മഹേന്ദ്രൻ, ജനറൽ സെക്രട്ടറി സന്തോഷ് ബാബു എന്നിവരെല്ലാം പാർട്ടി വിട്ടു.
Read more…….മക്കള്‍ നീതി മയ്യത്തില്‍ പൊട്ടിത്തെറി ; ജനറൽ സെക്രട്ടറി എം മുരുകാനന്ദം പാർട്ടിവിട്ടു
വൈസ് പ്രസിഡന്‍റ് മഹേന്ദ്രൻ പാർട്ടി വിട്ടപ്പോൾ വഞ്ചകൻ എന്നാണ് കമൽ ഹാസൻ വിശേഷിപ്പിച്ചത്. വഞ്ചകൻമാരുടെ അപസ്വരങ്ങൾ നീങ്ങുന്നതോടെ പാർട്ടിയുടേത് ഏകസ്വരമായി മാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കളകൾ പാർട്ടിയിൽ നിന്ന് നീങ്ങുന്നതോടെ പാർട്ടിയുടെ വളർച്ച ആരംഭിക്കുമെന്നും കമൽഹാസൻ പറഞ്ഞു. ജനറൽ സെക്രട്ടറി സന്തോഷ് ബാബു അടക്കമുള്ളവർ വ്യക്തിപരമായ കാരണങ്ങളാൽ പാർട്ടി വിടുന്നു എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പാർട്ടിയിൽ ജനാധിപത്യമില്ല എന്ന് ആരോപിച്ചായിരുന്നു എം. മുരുകാനന്ദൻ പാർട്ടി വിട്ടത്.
മുൻ ഐ.പി.എസ് ഓഫീസർ എ.ജി. മൗര്യ, തങ്കവേൽ, ഉമാദേവി, സി.കെ. കുമാരവേൽ, ശേഖർ, സുരേഷ് അയ്യർ എന്നിവരെല്ലാം പാരാജയത്തെ തുടർന്ന് വ്യത്യസ്ത കാരണങ്ങൾ ചൂണ്ടികാട്ടി പാർട്ടി വിട്ടവരാണ്. 2019ൽ ലോക്സഭ തെരഞ്ഞെടുപ്പിലും മക്കൾ നീതി മയ്യം മത്സരിച്ചിരുന്നു. അന്ന് 3.7 ശതമാനം വോട്ടാണ് മക്കൾ നീതി മയ്യം നേടിയത്. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എഐഡിഎംകെയും സഖ്യകക്ഷിയായ ബിജെപിയും ഒരുഭാഗത്തും മറുഭാഗത്ത് സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെയും അണിനിരന്നപ്പോൾ കമൽഹാസന്‍റെ പാർട്ടി കൂടുതൽ ദുർബലമാകുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യത്തിന്‍റെ വോട്ടിങ് ശതമാനം 2.52 ആയി കുറഞ്ഞു. കമൽഹാസന്‍റെ താരമൂല്യത്തിന് തെരഞ്ഞെടുപ്പിൽ ചലനമുണ്ടാക്കാനാകുന്നില്ലെന്ന് ബോധ്യമായതോടെ നേതാക്കൾ കൂട്ടത്തോടെ കൂടുവിടുകയായിരുന്നു.