ന്യൂഡൽഹി : പാകിസ്ഥാൻ ആചരിക്കുന്ന കശ്മീർ ഐക്യദാർഢ്യ ദിനത്തെ പിന്തുണച്ചുകൊണ്ട് തങ്ങളുടെ പാകിസ്ഥാൻ പങ്കാളി പോസ്റ്റ് ചെയ്‌ത അനൗദ്യോഗിക ട്വീറ്റിൽ ഖേദം പ്രകടിപ്പിച്ച് ദക്ഷിണ കൊറിയന്‍ വാഹനനിർമാണ കമ്പനിയായ ഹ്യുണ്ടായ് മോട്ടോഴ്‌സ്. ഇതിന്‍റെ ഭാഗമായി വിവാദമായ ട്വിറ്റർ പോസ്റ്റും കമ്പനി പിൻവലിച്ചു. അതേസമയം കമ്പനിയുടെ ഈ നീക്കം തങ്ങളുടെ വാഹനങ്ങൾ ബഹിഷ്‌കരിക്കാനുള്ള ക്യാമ്പെയ്‌ൻ നേരിട്ടതിന് ശേഷമാണെന്നും അധികൃതർ വ്യക്തമാക്കി.
കശ്‌മീർ വിഭജനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഹ്യുണ്ടായ് പാകിസ്ഥാന്‍റെയും അതിന്‍റെ അനുബന്ധ കമ്പനിയായ കിയ കോർപ്പറേഷന്‍റെയും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്ന് പോസ്‌റ്റുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ കമ്പനിക്കെതിരെ ഇന്ത്യയിൽ വലിയ വിവാദം ഉയർന്നിരുന്നു. കമ്പനിയെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്‌തുകൊണ്ട് ക്യാംപെയ്‌നും ആരംഭിച്ചു. ഇതിന് പിന്നാലെ പ്രതികരണവുമായി എത്തിയ ഹ്യുണ്ടായ്, വിവേചനരഹിതമായ ആശയവിനിമയത്തോട് സഹിഷ്‌ണുതയില്ലാത്ത നയമാണെന്നും അത്തരം വീക്ഷണങ്ങളെ തങ്ങൾ ശക്തമായി അപലപിക്കുന്നുവെന്നും അറിയിച്ചു.
READ MORE:ട്വീറ്റില്‍ പുലിവാല് പിടിച്ച് ഹ്യുണ്ടായ് ; ഇന്ത്യയിൽ ട്രെൻഡായി #BoycottHyundai ക്യാംപെയ്ൻ
എന്നാൽ കേന്ദ്രസർക്കാർ ഇടപെട്ടതോടെ വിഷയത്തിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് കമ്പനി ചൊവ്വാഴ്‌ച പ്രസ്താവന ഇറക്കി. തങ്ങളുടെ ഈ അനൗദ്യോഗിക സോഷ്യൽ മീഡിയ പ്രവർത്തനം മൂലം ഇന്ത്യയിലെ ജനങ്ങൾക്ക് ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടെങ്കിൽ ഖേദിക്കുന്നു എന്ന് പ്രസ്‌താവനയിലൂടെ അറിയിച്ചു.
ഫെബ്രുവരി അഞ്ചിന് പാകിസ്ഥാൻ ആചരിക്കുന്ന 'കശ്മീർ സോളിഡാരിറ്റി ഡേ'യെ പിന്തുണച്ചുകൊണ്ട് ഹ്യുണ്ടായ് പാകിസ്ഥാൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌ത ട്വീറ്റാണ് വലിയ വിവാദങ്ങൾക്ക് കാരണമായത്. 'കശ്‌മീരി സഹോദരങ്ങളുടെ ത്യാഗങ്ങളെ സ്‌മരിക്കാം, അവരുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തെ പിന്തുണക്കാം #KashmirSolidarityDay' എന്നതായിരുന്നു കമ്പനിയുടെ ട്വീറ്റ്.