മംഗലാപുരം : കോനജെ പൊലീസ് സ്റ്റേഷൻ പരിധിയില്‍ വീര്യം കൂടിയ കഞ്ചാവ് പിടിച്ചെടുത്തു. കണ്ടെടുത്ത 1.236 കിലോ ഗ്രാം കഞ്ചാവിന് ഒരു കോടിയോളം വില വരും. സംഭവുമായി ബന്ധപ്പെട്ട് എംബിബിഎസ് വിദ്യാര്‍ഥി അടക്കം രണ്ട് പേര്‍ പിടിയിലായി.
സൂറത്‌കല്‍ സ്വദേശിയും അവസാന വർഷ എംബിബിഎസ് വിദ്യാർഥിയുമായ മിനു രശ്മി, കാസർകോട് ജില്ലയിലെ ഉപ്പള സ്വദേശി അജ്മൽ ടി എന്നിവരാണ് അറസ്റ്റിലായത്.
also read: ഹൈദരാബാദിൽ വൻ കഞ്ചാവ് വേട്ട ; പിടിച്ചത് 2000 കിലോയിലേറെ
പ്രത്യേക രീതിയില്‍ വളര്‍ത്തി സംസ്‌കരിക്കുന്ന കഞ്ചാവാണിത്. വിദേശ രാജ്യങ്ങളിലാണ് ഇത് നിർമിക്കുന്നത്. യൂറോപ്പിൽ നിന്നാണ് എത്തിയതെന്നാണ് വിവരം. സാധാരണ കഞ്ചാവിനേക്കാൾ പത്തിരട്ടി വീര്യമുള്ളതാണിത്.
കാസർകോട് സ്വദേശിയായ ഡോക്ടർ നദീർ ആണ് കേസിലെ പ്രധാന പ്രതി. എന്നാൽ ഇയാള്‍ വിദേശത്താണെന്നാണ് പൊലീസിന്‍റെ സംശയം. മിനു രശ്മി ഹരിമല മെഡിക്കല്‍ കോളജിലാണ് പഠിക്കുന്നത്. നദീറിന്‍റെ നിര്‍ദേശ പ്രകാരമാണ് മിനുവും അജ്‌മലും ട്രെയിനില്‍ മംഗലാപുരത്തെത്തിയത്.
കഞ്ചാവ് ദേരലകട്ടയിലെ നാദീറിന്‍റെ സുഹൃത്തുക്കൾക്ക് എത്തിക്കുക എന്നതായിരുന്നു ഇവരുടെ ദൗത്യം. ഇതിനിടെ രണ്ട് വിദ്യാർഥികള്‍ക്ക് ഇത് വില്‍ക്കാനും ഇവർ ശ്രമിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.