ഹൈദരാബാദ്: 16കാരി അബദ്ധത്തിൽ വിഴുങ്ങിയ ബ്ലേഡ് വിജയകരമായി പുറത്തെടുത്ത് ഹൈദരാബാദ് ഉസ്‌മാനിയ ആശുപത്രിയിലെ ഡോക്ടർമാർ. അപൂർവ ശസ്ത്രക്രിയയായ എൻഡോസ്‌കോപ്പിയിലൂടെയാണ് പെൺകുട്ടിയുടെ വയറിൽ നിന്നും ബ്ലേഡ് പുറത്തെടുത്തത്.
ബ്ലേഡ് വിഴുങ്ങിയതിനെ തുടർന്ന് ജനുവരി 16നാണ് പെൺകുട്ടിയുടെ സുഹൃത്തുക്കൾ ഒസ്‌മാനിയ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ വയറിനുള്ളിൽ ബ്ലേഡ് കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ എൻഡോസ്കോപ്പി വഴി ബ്ലേഡ് നീക്കം ചെയ്‌തു.
എന്നാൽ തുടർന്ന് നടത്തിയ പരിശോധനയിൽ ബ്ലേഡിന്‍റെ ഒരു കഷണം വീണ്ടും കണ്ടെത്തി. തുടർന്ന് ജനുവരി 31ന് മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തുകയായിരുന്നു. ഡോക്ടർമാരുടെ പെട്ടെന്നുള്ള ഇടപെടലിലാണ് മരണത്തിൽ നിന്ന് പെൺകുട്ടി രക്ഷപ്പെട്ടത്.
ശസ്ത്രക്രിയ വിജയകരമായി നടത്തിയ ഡോക്ടർമാരെ ഒസ്‌മാനിയ സൂപ്രണ്ട് ഡോ. നാഗേന്ദ്ര അഭിനന്ദിച്ചു. അതേസമയം ശസ്ത്രക്രിയയ്‌ക്ക് ശേഷം പെൺകുട്ടി ഇന്ന് ആശുപത്രി വിട്ടതായി അധികൃതർ അറിയിച്ചു.
ALSO READ:'കേന്ദ്രത്തിന്‍റെ വന്ദേഭാരത് കെ-റെയിലിന് ബദലായേക്കും'; നിലപാട് മാറ്റി തരൂർ