ഹൈദരാബാദ് : വിദേശ രാജ്യങ്ങളിൽ വാഹനങ്ങള്‍ വേഗത കുറയ്ക്കണമെന്ന മുന്നറിയിപ്പ് നല്‍കാന്‍ ഗട്ടറുകളുടെ സ്റ്റിക്കര്‍ പതിക്കാറുണ്ട്. എന്നാല്‍ ഇന്ത്യയിൽ അത് ത്രീഡി ദൃശ്യമികവോടെ യഥാർഥമായി തന്നെ റോഡുകളിലുണ്ട്. നമ്മുടെ റോഡുകളിലെ കുഴികളില്‍ വീണ് ജീവിതവും ജീവനും നഷ്ടപ്പെട്ടവർ അനവധിയാണ്.
എന്നാൽ നിരത്തില്‍ ജീവനുകൾ പൊലിയാതിരിക്കാൻ കര്‍മനിരതരാണ് ഹൈദരാബാദ് സ്വദേശികളായ 73 കാരനായ ഗംഗാധർ തിലക് കട്‌നവും അദ്ദേഹത്തിന്‍റെ ഭാര്യ വെങ്കടേശ്വരി കട്‌നവും.
ഈ വൃദ്ധ ദമ്പതികൾ 11 വർഷമായി റോഡുകളിലെ കുഴികൾ നികത്തുന്നതല്‍ ഏര്‍പ്പെട്ടുവരുന്നു. ഈ സേവനത്തിന് ' റോഡ് ഡോക്ടർ' എന്ന വിളിപ്പേര് ലഭിച്ചിട്ടുണ്ട് ഗംഗാധറിന്. തന്‍റെ പെൻഷൻ തുക ഉപയോഗിച്ചാണ് അദ്ദേഹം റോഡുകളെ ചികിത്സിക്കുന്നത്.
35 വർഷം ഇന്ത്യൻ റെയിൽവേയിൽ സേവനം അനുഷ്‌ഠിച്ച ഗംഗാധർ വിരമിച്ചശേഷമാണ് ഹൈദരാബാദിൽ എത്തുന്നത്. ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ഡിസൈൻ എഞ്ചിനീയറായി പ്രവേശിച്ചെങ്കിലും അധികനാള്‍ തുടർന്നില്ല.
ഹൈദരാബാദിലെ നഗരവീഥികളിലെ കുഴികളും അത് വരുത്തിവയ്ക്കുന്ന ദുരന്തങ്ങളും മനം മടുപ്പിച്ചപ്പോള്‍ തന്നാലാവുന്നത് ചെയ്യാന്‍ തീരുമാനിച്ചു.
തുടര്‍ന്നിങ്ങോട്ട് അസംസ്കൃത വസ്തുക്കൾ നിറച്ച വാഹനവുമായി ഗംഗാധറും വെങ്കടേശ്വരിയും രാവിലെ നഗരത്തിലേക്ക് ഇറങ്ങും. റോഡിലെ കുഴികൾ കണ്ടെത്തി വേണ്ടവിധം മൂടും.
അങ്ങനെ 11 വര്‍ഷത്തിനിടെ ഏകദേശം 2,030 ഓളം കുഴികളാണ് ഇരുവരും ചേർന്ന് നികത്തിയത്. ആരിൽ നിന്നും ഒരു സഹായവും കൈപ്പറ്റാതെ സ്വന്തം പെൻഷൻ പണം മുടക്കിയാണ് ഈ സന്നദ്ധ പ്രവര്‍ത്തനം.
Also read: രാജ്യത്ത് 41,506 പേര്‍ക്ക് കൂടി കൊവിഡ്
ആദ്യം പൊലീസിന്‍റെയും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അവർ യാതൊരുവിധ നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് ഗംഗാധർ പറഞ്ഞു. 11 വർഷംകൊണ്ട് ഏകദേശം 40 ലക്ഷം രൂപ ഗംഗാധര്‍ ഇതിനായി ചെലവഴിച്ചിട്ടുണ്ട്.
ഗംഗാധറിന്‍റെ ഈ പോരാട്ടം ശ്രദ്ധയിൽപ്പെട്ടതോടെ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ അടുത്തിടെയാണ് സഹായ വാഗ്‌ദാനവുമായി എത്തിയത്. തന്‍റെ സന്ദേശം കൂടുതൽ പേരിലേക്ക് എത്തിക്കാൻ 'ശ്രമധൻ' എന്ന പേരിൽ ഒരു സംഘടനയും ഗംഗാധർ നടത്തുന്നുണ്ട്.
തന്നാല്‍ കഴിയുന്ന രീതിയില്‍ ഓരോരുത്തരും പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ ഇത്തരം പ്രശ്നങ്ങള്‍ എളുപ്പം പരിഹരിക്കാനാകുമെന്ന് ഈ 73 കാരന്‍ സാക്ഷ്യപ്പെടുത്തുന്നു.