ഹൈദരാബാദ് : ഹൈദരാബാദില്‍ വൻ തീപിടിത്തത്തില്‍ ഒൻപത് മരണം. നാമ്പള്ളി ബസാറിലെ കെമിക്കൽ ഗോഡൗണിലെ ബഹുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത് (fire broke out in Hyderabad Nampally Bazar Ghat). മരിച്ചവരിൽ നാല്‌പത് ദിവസം പ്രായമായ കുഞ്ഞും രണ്ട് സ്‌തീകളും ഉണ്ട്. കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ ഗാരേജിൽ കാർ നന്നാക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. അതേസമയം അവിടെയുണ്ടായിരുന്ന ഡീസലും കെമിക്കൽ ഡ്രമ്മുകൾക്കും തീപിടിച്ചതോടെ അപകടസാധ്യത വർധിച്ചു.
ഒരു കാറും രണ്ട് ബൈക്കുകളും തീപിടിത്തത്തിൽ പൂർണമായും നശിച്ചു. നിരവധി വാഹനങ്ങളിലേക്ക് തീ പടർന്നു. പത്തോളം തൊഴിലാളികൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
ജിഎച്ച്എംസി, എൻഡിആർഎഫ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി. കെട്ടിടത്തിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും ഗോവണിയുടെ സഹായത്തോടെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഉയർന്ന ഗോവണി ഉപയോഗിച്ചാണ് അഗ്നിശമന സോനാംഗങ്ങൾ അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചത്. തീപിടിത്തത്തിൽ 21 പേർക്ക് ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട്.
സമീപത്തെ അപ്പാർട്ട്‌മെന്‍റുകളിൽ താമസിക്കുന്നവർ പരിഭ്രാന്തരായ അവസ്ഥയിലാണ്. ഫയർഫോഴ്‌സ് ഗാരേജിലെ കെമിക്കൽ കാനുകൾ പുറത്തെടുത്തു. താഴത്തെ നിലയിൽ കാറിന്‍റെ അറ്റകുറ്റപ്പണികൾക്കിടെ ഉണ്ടായ തീപ്പൊരിയാണ് വലിയ തീപിടിത്തത്തിന് കാരണമായത് എന്നാണ് സംഭവസ്ഥലം സന്ദർശിച്ച ഡിസിപി വെങ്കിടേശ്വരലു പറഞ്ഞത്.