ഹൈദരാബാദ്: പ്രേതബാധയില്‍ നിന്ന് രക്ഷിക്കാനാണെന്ന് വിശ്വസിപ്പിച്ച് പത്തൊമ്പതുകാരിയെ ബലമായി വിവാഹം കഴിക്കാന്‍ ശ്രമിച്ച സിദ്ധന്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശ് നെല്ലൂര്‍ ജില്ലയിലെ അനുമസമുദ്രംപേട്ട് റഹ്‌മത്തുള്ള ദർഗയുടെ മോല്‍നോട്ടം വഹിക്കുന്ന ഷാ ഗുലാം നക്ഷബന്ധി ഹാഫിസ് പാഷ (55) ആണ് പിടിയിലായത്. ഹൈദരാബാദ് സ്വദേശിയായ ഇയാള്‍ മാസത്തില്‍ നാലോ അഞ്ചോ ദിവസം മാത്രമാണ് ദര്‍ഗയില്‍ ഉണ്ടാകുക.
ഹൈദരാബാദിലെ വീട്ടില്‍ എത്തിയപ്പോഴാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഗുരുതരമായ അസുഖം ബാധിച്ച ടോളി ചൗക്കി സ്വദേശിനിയായ യുവതിയെയാണ് ഇയാള്‍ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചത്. രോഗ ശാന്തിക്കായി യുവതിയെ വീട്ടുകാര്‍ റഹ്‌മത്തുള്ള ദര്‍ഗയില്‍ എത്തിച്ചതായിരുന്നു.
യുവതിയുടെ ദേഹത്ത് പ്രേതബാധ ഉണ്ടെന്ന് പറഞ്ഞ് പാഷ യുവതിയെയും കുടുംബത്തെയും ഭയപ്പെടുത്തി. തന്നെ വിവാഹം കഴിച്ചാല്‍ മാത്രമെ പ്രേതം ശരീരത്തില്‍ നിന്ന് ഒഴിഞ്ഞ് പോകൂ എന്നും ഇയാള്‍ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇയാളുടെ വാക്ക് വിശ്വസിച്ച യുവതിയുടെ കുടുംബം മകളെ വിവാഹം ചെയ്‌ത് നല്‍കാന്‍ തയ്യാറാകുകയായിരുന്നു.
പാഷയുടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ശനിയാഴ്‌ച രാത്രി ടോളി ചൗക്കിയിലെ ഒരു കല്യാണ മണ്ഡപത്തില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടന്നു. മണ്ഡപത്തിലേക്ക് പോകവെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പാഷയെ ആശുപത്രിയിലാക്കി. യുവതിയുടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ ഇയാള്‍ക്ക് രണ്ട് ഭാര്യമാരും മൂന്ന് കുട്ടികളും ഉണ്ടെന്ന വിവരം ലഭിച്ചു.
ഇതോടെ തങ്ങളുടെ മകളെ കബളിപ്പിക്കുകയായിരുന്നു എന്ന് മനസിലാക്കിയ യുവതിയുടെ കുടുംബം ലാംഗർ ഹൗസ് പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു. 2012ൽ ഹാഫിസ് പാഷ മന്ത്രവാദിയാണെന്ന് പറഞ്ഞ് തമിഴ്‌നാട്ടിൽ നിന്നുള്ള യുവതിയെ വിവാഹം കഴിക്കാൻ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. യുവതി വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവതിയെ കള്ള കേസില്‍ കുടുക്കാനും പാഷ ശ്രമിച്ചിരുന്നു. അടുത്തിടെ ഇയാളുടെ പീഡനത്തിന് ഇരയായ മറ്റ് രണ്ട് സ്ത്രീകൾ നെല്ലൂർ പൊലീസില്‍ പരാതിപ്പെട്ടിരുന്നു.