ഹൈദരാബാദ്: തെലങ്കാനയില്‍ വനിത വെറ്ററിനറി ഡോക്‌ടറെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ കൊലപ്പെടുത്തിയതാണെന്ന് അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് വിഎസ് സിർപുർകർ കമ്മിഷനാണ് ഏറ്റുമുട്ടല്‍ കേസ് വ്യാജമെന്ന് കണ്ടെത്തിയത്. സുപ്രീംകോടതിയില്‍ സമർപ്പിച്ച 387 പേജുള്ള റിപ്പോർട്ടില്‍ ഏറ്റുമുട്ടലില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം വേണമെന്നാണ് പറയുന്നത്.
പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് പ്രതികൾ കൊല്ലപ്പെട്ടത് എന്ന് വിശ്വസിക്കാൻ കഴിയില്ലെന്നാണ് അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പറയുന്നത്. ഏറ്റുമുട്ടലില്‍ പങ്കെടുത്ത 10 പൊലീസുകാർക്ക് എതിരെ ഐപിസി 302, 201, 34 വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെടുന്നു. തെളിവെടുപ്പിനിടെ പ്രതികൾ പൊലീസില്‍ നിന്ന് തോക്ക് തട്ടിയെടുത്തുവെന്നും ആക്രമിക്കാൻ ശ്രമിച്ചുവെന്നുമാണ് പൊലീസ് വാദം.
അതേസമയം ദിശ കേസിലെ പ്രതികൾ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കേസ് തെലങ്കാന ഹൈക്കോടതി പരിഗണിക്കമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് വിഎസ് സിർപുർകർ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ട് തെലങ്കാന ഹൈക്കോടതിക്ക് കൈമാറും. തെലങ്കാന സർക്കാരും പരാതിക്കാരും ഈ കേസിലെ കാര്യങ്ങൾക്കായി തെലങ്കാന ഹൈക്കോടതിയെ സമീപിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.
വനിത ഡോക്‌ടറെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തിലെ ജനരോഷം തണുപ്പിക്കാൻ പൊലീസ് നടത്തിയ നാടകമാണ് ഏറ്റുമുട്ടല്‍ കൊലപാതകം എന്ന വാദം ഉയർന്നതോടെയാണ് കേസ് സുപ്രീംകോടതിയിലെത്തിയതും 2019 ഡിസംബറില്‍ അന്വേഷണ കമ്മിഷനെ നിയോഗിച്ചതും.