ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ വിതരണത്തിനായി തയ്യാറെടുത്ത് ഹൈദരാബാദ്, ഡല്‍ഹി വിമാനത്താവളങ്ങള്‍. ആഴ്‌ചകള്‍ക്കകം കൊവിഡ് വാക്‌സിന്‍ തയ്യാറാകുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇരു വിമാനത്താവളങ്ങളിലെയും എയര്‍ കാര്‍ഗോ സംവിധാനങ്ങളാണ് വാക്‌സിന്‍ വിതരണം വേഗത്തിലാക്കാനായി തയ്യാറെടുക്കുന്നത്.
ലോകോത്തര നിലവാരമുള്ള രണ്ട് കാര്‍ഗോ ടെര്‍മിനലാണ് ഡല്‍ഹി വിമാനത്താവളത്തിലുള്ളത്. താപനില നിയന്ത്രിച്ചുള്ള കാര്‍ഗോ സേവനവും ഇവിടെയുണ്ട്. വര്‍ഷം തോറും 1.5 ലക്ഷം മെട്രിക് ടണ്‍ കാര്‍ഗോ ശേഷിയും, -20നും 25 ഡിഗ്രി സെല്‍ഷ്യസിലുള്ള കൂള്‍ ചേമ്പര്‍ സംവിധാനവും ഇവിടെയുണ്ട്. വാക്‌സിനുമായി വാഹനങ്ങള്‍ക്ക് വേഗത്തില്‍ അകത്തേക്കും പുറത്തേക്കും പ്രവേശിക്കാനായി പ്രത്യേകം ഗേറ്റുകളും കാര്‍ഗോ ടെര്‍മിനലിനുണ്ട്. 6500 ചതുരശ്രമീറ്ററില്‍ ട്രാന്‍സ്‌ഷിപ്‌മെന്‍റ് എക്‌സലന്‍സ് സെന്‍ററും ഡല്‍ഹി വിമാനത്താവളത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള മികച്ച സൗകര്യങ്ങള്‍ കാരണം രാജ്യമെമ്പാടും ലക്ഷക്കണക്കിന് പിപിഇ കിറ്റുകള്‍ കൊവിഡ് കാലത്ത് ഡല്‍ഹി വിമാനത്താവളം വഴി എത്തിച്ചിട്ടുണ്ട്.
അതേ സമയം ഹൈദരാബാദ് രാജ്യാന്തര വിമാനത്താവളത്തിലും കാര്‍ഗോ സംവിധാനങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നു. -20നും 25 ഡിഗ്രി സെല്‍ഷ്യസിലുള്ള കൂള്‍ ചേമ്പര്‍ സംവിധാനവും കൂള്‍ ചെയിന്‍ നിലനിര്‍ത്താനായി ഏറ്റവും പുതിയ കൂള്‍ ഡോളീസും വിമാനത്താവളത്തിലുണ്ട്. ഇ റിസപ്‌ക്ഷന്‍, ഇ- ഒഒസി, ഇ-ലിയോ, ഇ- എഡബ്ല്യൂബി എന്നീ സൗകര്യങ്ങളും വിമാനത്താവളത്തില്‍ നേരത്തെ ഒരുക്കിയിരുന്നു. കൊവിഡ് പോരാട്ടത്തില്‍ മെഡിക്കല്‍ സാമഗ്രികള്‍ സമയാനുസരണം എത്തിക്കാനായി 24x7കാര്‍ഗോ സേവനമാണ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയത്.