ഹൈദരാബാദ്: അന്താരാഷ്ട്ര റോമിങ് സേവനം ഉപയോഗിച്ച ഉപഭോക്താവിന് 1,41,770രൂപയുടെ ബില്ല് നല്‍കിയ ഭാരതി എയർടെല്ലിന് 50,000 രൂപ പിഴയിട്ട് ഹൈദരാബാദ് ഡിസ്ട്രിക്റ്റ് കൺസ്യൂമർ കമ്മിഷൻ-1 കോടതി. ഹൈദരാബാദ് സ്വദേശിയായ റിട്ട. വിങ് കമാൻഡർ സമർ ചക്രവർത്തി നല്‍കിയ പരാതിയിലാണ് ഉത്തരവ്.
കുടുംബവുമൊത്ത് അമേരിക്കയിലെ ബഹ്മാസിലേക്ക് പോയ സമറിനുണ്ടായ മാനസിക പ്രയാസങ്ങള്‍കൂടി കണക്കിലെടുത്താണ് ഉത്തരവ്. 2014 മുതല്‍ പ്രീ പെയ്ഡ് സിം ഉപയോഗിക്കുന്ന സമര്‍ തന്‍റെയാത്ര പ്ലാനിനെ കുറിച്ച് എയർടെല്ലിന്റെ ബീഗംപേട്ടിലെ സർവീസ് സെന്റർ ജീവനക്കാരോട് പറഞ്ഞു. ബഹാമാസില്‍ സേവനം ലഭിക്കാന്‍ എന്ത് ചെയ്യണമെന്നും അദ്ദേഹം ചോദിച്ചു.
ഇതിനായി എയര്‍ടെല്ലിന്‍റെ അമേരിക്ക പ്ലാൻ-ബി സേവനം ഉപയോഗിച്ചാല്‍ മതിയെന്നും ഇതിന് പ്രത്യേകം റീച്ചാര്‍ജ് ചെയ്യണമെന്നും അദ്ദേഹത്തോട് ജീവനക്കാര്‍ അറിയിച്ചു. ഇതോടെ 3,999 രൂപ+ 149 രൂപ പായ്ക്ക് റീചാർജ് ചെയ്തു. ഈ പാക്കില്‍ 500 ഔട്ട്‌ഗോയിങ് കോളുകൾ, 5 ജിബി ഡാറ്റ, അൺലിമിറ്റഡ് എസ്എംഎസ്, ഇൻകമിങ് കോളുകൾ എന്നിവ ലഭിക്കുമെന്ന് അദ്ദേഹത്തിന് മെസേജും ലഭിച്ചു.
പുതിയ പ്ലാന്‍ സജീവമായെങ്കിലും അദ്ദേഹത്തിന് ലഭിച്ച കോളുകള്‍ നിരന്തരം കട്ടായി. ഇതോടെ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെടുകയായിരുന്നു. ബഹാമാസിലെ നസൗവിൽ എത്തിയപ്പോൾ തന്‍റെ ബില്ല് ഒന്നര ലക്ഷത്തിന് അടുത്താണെന്ന വിവരം അദ്ദേഹം അറിയുന്നത്.
കമ്പനിയുമായി ബന്ധപ്പെട്ടതോടെ ചെറിയ തുകകള്‍ കുറച്ച് ബാക്കി അടയ്ക്കണമെന്നായിരുന്നു നിര്‍ദേശം. ഇതോടൊയാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്. 28,000 രൂപ മാത്രം ക്രഡിറ്റ് ലിമിറ്റുള്ള തന്‍റെ സേവനം എങ്ങനെ ഒന്നര ലക്ഷത്തിന് അടുത്തെത്തിയെന്ന് അദ്ദേഹം കമ്പനിയോട് ചോദിച്ചു.
കേസ് പരിഗണിച്ച കോടതി ജീവനക്കാരുടെ അനാസ്ഥക്ക് പിഴ വിധിക്കുകയായിരുന്നു. പിഴ തുക 45 ദിവസത്തിനകം നല്‍കണമെന്നും അല്ലാത്ത പക്ഷം തുകയുടെ 14 ശതമാനം പലിശകൂടി നല്‍കേണ്ടി വരുമെന്നും കോടതി ഉത്തരവിലുണ്ട്.