ഹൈദരാബാദ് : യാത്രക്കാരുടെ എണ്ണത്തിലും സര്‍വീസുകളിലും ഡല്‍ഹി വിമാനത്താവളത്തെ പിന്നിലാക്കി ഹൈദരാബാദ് ഇന്റർനാഷണൽ എയർപോർട്ട്. വിമാനങ്ങളുടെ വരവിലും യാത്രക്കാരുടെ എണ്ണത്തിലും മുൻവർഷത്തെ അപേക്ഷിച്ച് ഗണ്യമായ വർധനവാണുണ്ടായത്. തലസ്ഥാനത്തെ സുപ്രധാനമായ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തെ മറികടന്നാണ് ജിഎംആർ ഹൈദരാബാദ് ഇന്റർനാഷണൽ വിമാനത്താവളത്തിന്റെ (രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്) മുന്നേറ്റം.
കഴിഞ്ഞ മാസം മാത്രം 20.32 ലക്ഷത്തോളം യാത്രക്കാരാണ് ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്തത്. ഈ കണക്ക് 2022 നവംബറിനേക്കാൾ 16 ശതമാനം കൂടുതലാണ്. കഴിഞ്ഞ മാസം 14,462 വിമാനങ്ങളാണ് ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17 ശതമാനം കൂടുതലാണ് ഈ കണക്കും. 2022 നവംബറിനെ അപേക്ഷിച്ച്, ഈ വർഷം നവംബറിൽ ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിൽ 7 ശതമാനത്തിന്റെയും വിമാനവരവിൽ ഒരു ശതമാനത്തിന്റെയും വർദ്ധനവുണ്ട്.
ഏപ്രിൽ-നവംബർ മാസങ്ങളിൽ : ഈ സാമ്പത്തിക വർഷം ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് നവംബർ അവസാനം വരെ 1.63 കോടി യാത്രക്കാർ യാത്ര ചെയ്തു. ഏകദേശം 1.13 ലക്ഷം വിമാനങ്ങളാണ് ഈ കാലയളവില്‍ ഇവിടുന്ന് പറന്നുയർന്നത്. 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 22 ശതമാനവും വിമാന ഗതാഗതത്തിൽ 12 ശതമാനവും വർധനവുണ്ടായിട്ടുണ്ട്. അതേസമയം, ഡൽഹി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ 15 ശതമാനവും വിമാനങ്ങളുടെ എണ്ണത്തിൽ 4 ശതമാനവും വർധനവുണ്ടായി.
സ്മാർട്ട് ട്രോളി സൗകര്യം : കഴിഞ്ഞ മാസം 25ന് ഒരു ദിവസം മാത്രം ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് 75,000 പേർ യാത്ര ചെയ്തതായി ജിഎംആർ എയർപോർട്ട് ഇൻഫ്രാസ്ട്രക്ചർ വെളിപ്പെടുത്തി. കൂടാതെ ഹൈദരാബാദിൽ നിന്ന് ഒമാൻ എയർ പുതിയ ചരക്ക് വിമാന സർവീസ് ആരംഭിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് പുതിയ റൂട്ടുകളിൽ ആഭ്യന്തര വിമാന സർവീസുകൾ നടത്തുന്നു. രാജ്യത്ത് ആദ്യമായി ഹൈദരാബാദ് വിമാനത്താവളത്തിലാണ് സ്മാർട്ട് ട്രോളി സൗകര്യം ലഭ്യമാക്കുന്നത്. സ്മാർട്ട് ട്രോളിയുടെ സ്ക്രീനിലൂടെ യാത്രക്കാർക്ക് ഫ്ലൈറ്റിന്റെ സമയവും ഗേറ്റ് നമ്പറുകളും മറ്റ് വിശദാംശങ്ങളും അറിയാൻ കഴിയും.
ഭോഗാപുരം വിമാനത്താവളത്തിന് 5 ബാങ്കുകളിൽ നിന്ന് ധനസഹായം: ഭോഗാപുരത്ത് വിശാഖപട്ടണം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമ്മാണത്തിന് 5 ബാങ്കുകൾ ഫണ്ട് നൽകുന്നു. 3,215 കോടി രൂപയുടെ വായ്പയ്ക്ക് സമ്മതിച്ചതായി ജിഎംആർ എയർപോർട്ട് ഇൻഫ്ര വെളിപ്പെടുത്തി. ഭോഗാപുരം വിമാനത്താവളത്തിന്റെ നിർമാണത്തിന് കഴിഞ്ഞ മാസം ഒന്നിന് ഭൂമിപൂജ നടത്തിയിരുന്നു. എൽ ആൻഡ് ടി ലിമിറ്റഡിനാണ് ഇപിസി കരാർ നൽകിയത്.