ചെന്നൈ: ബിരിയാണി വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ പൊള്ളലേറ്റ ദമ്പതികള്‍ മരിച്ചു. ചെന്നൈ അയനാവരം സ്വദേശിയായ കരുണാകരന്‍ (75), ഭാര്യ പദ്‌മാവതി (66) എന്നിവരാണ് മരിച്ചത്. തര്‍ക്കത്തിനിടെ ഭാര്യയെ കരുണാകരന്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ശരീരത്തിന് തീ പിടിച്ചതോടെ പദ്‌മാവതി ഭര്‍ത്താവിനെ ആലിംഗനം ചെയ്‌തു. 50 ശതമാനത്തിലധികം പൊള്ളലേറ്റ ഇരുവരും ചികിത്സയിലിരിക്കെയാണ് മരിച്ചത്. നവംബര്‍ 7നായിരുന്നു സംഭവം. കരുണാകരന്‍ തനിക്ക് മാത്രമായി ബിരിയാണി വാങ്ങിക്കൊണ്ടു വരികയും ഭാര്യക്ക് നല്‍കാതെ കഴിക്കുകയും ചെയ്‌തു.
തനിക്കും ബിരിയാണി വേണമെന്ന് പദ്‌മാവതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രകോപിതനായ കരുണാകരന്‍ പദ്‌മാവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരിന്നു. തീ പടര്‍ന്നതോടെ പദ്‌മാവതി കരുണാകരനെ ആലിംഗനം ചെയ്‌തു.
ഇരുവരുടെയും നിലവിളി കേട്ട് എത്തിയ അയല്‍ക്കാര്‍ വെള്ളം ഒഴിച്ച് തീ അണക്കുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്‌തു. പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. കരുണാകരനും പദ്‌മാവതിയും തമ്മില്‍ തര്‍ക്കം പതിവായിരുന്നു എന്ന് അയല്‍ക്കാര്‍ പറഞ്ഞു.
വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടതിന്‍റെ മാനസിക സംഘര്‍ഷം ഇരുവര്‍ക്കും ഉണ്ടായിരുന്നു. ഇവരുടെ നാലു മക്കളും മാറി താമസിക്കുകയാണ്. മക്കളുടെ വീടുകളില്‍ ഇടക്ക് പോകാറുണ്ടായിരുന്നു എങ്കിലും കരുണാകരനും പദ്‌മാവതിയും ഒറ്റക്കാണ് താമസിച്ചിരുന്നത് എന്നും സമീപവാസികള്‍ പറഞ്ഞു. സംഭവത്തില്‍ അയനാവരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.