ബെംഗളൂരു : കര്‍ണാടകയില്‍ കടം തിരിച്ചടക്കുന്നത് സംബന്ധിച്ചുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. മത്തിക്കരെ (Mattikere) ബസ് സ്റ്റാൻഡിന് സമീപത്തെ ഫ്ളാറ്റില്‍ താമസിക്കുന്ന അനുസൂയ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് ശേഷം ഇക്കാര്യം ഭര്‍ത്താവ് താനേന്ദ്ര തന്നെയാണ് പൊലീസില്‍ വിവരമറിയിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ്: താനേന്ദ്രയ്ക്ക് 1.2 ലക്ഷം കടമുണ്ടായിരുന്നു. ഇത് വീട്ടാൻ അനുസൂയ ഇടക്കിടെ താനേന്ദ്രയോട് സംസാരിച്ചിരുന്നു. സമാനവിഷയം വീണ്ടും യുവതി സംസാരിച്ചതോടെ വാക്കേറ്റമായി. പിന്നീട് കയ്യാങ്കളിയിലെത്തുകയും കൊലപ്പെടുത്തുകയുമായിരുന്നു.
ബുധനാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെ യുവതി ഉറങ്ങിക്കിടക്കുമ്പോൾ കത്തികൊണ്ട് കുത്തുകയായിരുന്നു. ശേഷം, നേരം പുലരുന്നത് വരെ ഭാര്യയുടെ മൃതദേഹത്തിനൊപ്പം ഇയാള്‍ കിടന്നു. ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനാണ് പ്രതി പദ്ധതിയിട്ടിരുന്നത്.
എന്നാല്‍, മകള്‍ ഉണര്‍ന്ന് അമ്മയുടെ മൃതദേഹം കണ്ടതോടെ അബോധാവസ്ഥയിലായി. പിന്നീട് ഉണര്‍ന്ന് കരയാന്‍ തുടങ്ങി. ഇവരുടെ മകളായ 13 കാരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ തീരുമാനം മാറ്റിയ പ്രതി രാവിലെ 9:30ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഇക്കാര്യം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് തനേന്ദ്രയെ അറസ്റ്റ് ചെയ്‌തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.