ഫറാക്ക (പശ്ചിമ ബംഗാൾ): ഹയർ സെക്കന്‍ഡറി പരീക്ഷ എഴുതാൻ ഭർതൃവീട്ടുകാർ സമ്മതിക്കുന്നില്ല എന്നാരോപിച്ച് പൊലീസിൽ പരാതി നൽകി പെണ്‍കുട്ടി. മുർഷിദാബാദിലെ ഫറാക്കയിലെ സുൽത്താന ഖാത്തൂൻ എന്ന 20 കാരിയാണ് ഭർത്താവിനും വീട്ടുകാർക്കുമെതിരെ പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയത്. പരീക്ഷ എഴുതണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഹാൾ ടിക്കറ്റ് ഉൾപ്പെടുള്ള രേഖകൾ കൈക്കലാക്കിയ ശേഷം ഭർത്താവും ബന്ധുക്കളും ചേർന്ന് തന്നെ വീട്ടിൽ ബന്ദിയാക്കി എന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.
തുടർന്ന് പൊലീസ് ഇവരെ സ്‌കൂളിലെത്തിക്കുകയും പരീക്ഷ എഴുതാൻ സൗകര്യമൊരുക്കിക്കൊടുക്കുകയുമായിരുന്നു. ഹയർ സെക്കൻഡറി വിദ്യാർഥിയായ സുൽത്താന ഖാത്തൂനും ബിന്ദു ഗ്രാമത്തിലെ ബണ്ടി ഷെയ്ഖുമായുള്ള വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. മുർഷിദാബാദിലെ ഫറാക്ക പൊലീസ് സ്‌റ്റേഷനു കീഴിലുള്ള ബിന്ദുഗ്രാമിലെ സ്‌കൂളിലാണ് സുൽത്താന ഖാത്തൂൻ പഠിക്കുന്നത്. വിവാഹത്തിന് ശേഷം സ്‌കൂളിൽ പോകേണ്ട എന്ന നിലപാടിലായിരുന്നു ഭർതൃവീട്ടുകാർ.
വിവാഹത്തിന് പിന്നാലെ മാർച്ച് 14ന് 2023 ലെ ഹയർ സെക്കൻഡറി വാർഷിക പരീക്ഷകൾ ആരംഭിച്ചു. ഗ്രാമത്തിന് കുറച്ചകലെയുള്ള ന്യൂ ഫറാക്ക ഹൈസ്‌കൂളിലായിരുന്നു പരീക്ഷ കേന്ദ്രം. എന്നാൽ പരീക്ഷ എഴുതാൻ പോകേണ്ട എന്ന നിലപാടിലായിരുന്നു ഭർത്താവും ഭർതൃവീട്ടുകാരും. എന്നാൽ പെണ്‍കുട്ടിയുടെ നിർബന്ധത്തിന് വഴങ്ങി ആദ്യത്തെ പരീക്ഷ എഴുതാൻ ഇവർ അവസരം നൽകി.
ഇതിന് പിന്നാലെ വ്യാഴാഴ്‌ച മുതൽ പരീക്ഷകൾക്ക് പോകേണ്ടതില്ല എന്ന് ഭർതൃവീട്ടുകാർ നിലപാടെടുക്കുകയായിരുന്നു. തുടർന്ന് ഇവരുടെ പുസ്‌തകങ്ങളും, ഹാൾ ടിക്കറ്റും, ഐഡി കാർഡും ഇവർ കൈക്കലാക്കി ഒളിപ്പിച്ചു വെച്ചു. പിന്നാലെ ബുധനാഴ്‌ച രാത്രി മുതൽ പെണ്‍കുട്ടിയെ വീട്ടിൽ പൂട്ടിയിടുകയായിരുന്നു.
എന്നാൽ വ്യാഴാഴ്‌ച പുലർച്ചെ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് പുറത്തുകടന്ന പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. തുടർന്ന് ഭർതൃവീട്ടുകാർക്കെതിരെ പരാതി നൽകിയ പെണ്‍കുട്ടി തനിക്ക് പരീക്ഷ എഴുതാൻ അവസരമുണ്ടാക്കി തരണമെന്ന് പൊലീസുകാരോട് അഭ്യർഥിച്ചു. തുടർന്ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പൊലീസ് ഇവരുടെ ഹാൾ ടിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ തിരികെ വാങ്ങുകയും സ്‌കൂളിലെത്തിച്ച് പരീക്ഷ എഴുതാൻ സൗകര്യമുണ്ടാക്കുകയും ചെയ്തു. അതേസമയം പെണ്‍കുട്ടി നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതായി ഫറാക്ക പൊലീസ് അറിയിച്ചു.
കൈവെട്ടിമാറ്റി ഭർത്താവ്: സർക്കാർ ജോലിക്ക് പോകുന്നത് തടയാൻ ഭാര്യയുടെ വലത് കൈപ്പത്തി ഭർത്താവ് മുറിച്ച് മാറ്റിയ സംഭവവും കഴിഞ്ഞ വർഷം പശ്ചിമ ബംഗാളിൽ റിപ്പോർട്ട് ചെയ്‌തിരുന്നു. പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ സർക്കാർ ആശുപത്രി നഴ്‌സായി ജോലി ചെയ്യുകയായിരുന്ന രേണു ഖാത്തൂണിന്‍റെ കൈപ്പത്തിയാണ് ഭർത്താവ് ഷേർ മുഹമ്മദ് മുറിച്ച് മാറ്റിയത്.
രേണുവിന് സർക്കാർ ജോലി ലഭിച്ചെങ്കിലും ജോലിക്ക് പോകേണ്ട എന്ന നിലപാടിലായിരുന്നു ഭർത്താവ് ഷേർ മുഹമ്മദ്. എന്നാൽ ജോലിയിൽ നിന്ന് പിൻമാറാൻ തയ്യാറാകാത്തതോടെ ഇയാൾ രേണുവിന്‍റെ കൈപ്പത്തി വെട്ടിക്കളയുകയായിരുന്നു. സംഭവം നടന്ന് ആറ് മണിക്കൂറിന് ശേഷമാണ് രേണുവിനെ ആശുപത്രിയിൽ എത്തിക്കാനായത്. അതിനാൽ തന്നെ ഇവരുടെ കൈ പൂർണ സ്ഥിതിയിലാക്കാൻ സാധിച്ചില്ല.
എന്നാൽ കൈപ്പത്തി നഷ്‌ടപ്പെട്ടിട്ടും എല്ലാ പ്രതിസന്ധികളെയും മറികടന്ന് ജോലിയിൽ പ്രവേശിക്കാൻ രേണു തീരുമാനിക്കുകയായിരുന്നു. വലത് കൈ നഷ്‌ടപ്പെട്ടതിനാൽ ആശുപത്രി കിടക്കയിൽ വെച്ചുതന്നെ ഇടത് കൈ ഉപയോഗിച്ച് എഴുതി പരിശീലിക്കുന്ന രേണുവിന്‍റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.