ബെംഗളൂരു: സംശയത്തിന്‍റെ പേരില്‍ ഭാര്യയെ കുത്തിക്കൊന്ന് ആത്‌മഹത്യക്ക് ശ്രമിച്ച് ഭര്‍ത്താവ്. ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസകോട്ട് വ്യവസായ മേഖലയ്ക്ക് സമീപം തിങ്കളാഴ്ചയാണ് സംഭവം. ഭാര്യയോടുള്ള സംശയം കാരണം ഹൊസ്‌കോട്ട് സ്വദേശിയായ രമേഷ് ഇവരെ കത്തികൊണ്ട് 15 തവണ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഭാര്യ അര്‍പ്പിത മരിച്ചു, രമേഷ് ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രണയത്തിലായിരുന്ന രമേഷും അർപിതയും ഏഴുവർഷം മുൻപാണ് വിവാഹിതരായത്. ഇവര്‍ക്ക് ആറ് വയസുള്ള മകനും നാല് വയസുള്ള മകളുമുണ്ട്. എന്നാല്‍ ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അടുത്തിടെ ഇരുവരും വിവാഹമോചനത്തിനും സമ്മതിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവരും വെവ്വേറെ താമസിച്ച് വരികയായിരുന്നു. മാതാപിതാക്കളോടൊപ്പമായിരുന്നു അർപിത താമസിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞയാഴ്ച രമേശ് അർപ്പിതയെ നേരില്‍ കണ്ട് സംസാരിക്കുകയും വീണ്ടും ഒരുമിച്ച് ജീവിക്കാമെന്ന് അറിയിക്കുകയും ചെയ്‌തു.
ഇതിന്‍റെ ഭാഗമായി രമേഷിനൊപ്പം പിൽഗുംപെ ഇൻഡസ്ട്രിയൽ ഏരിയയിലേക്ക് പോയ അര്‍പിതയെ ഇയാള്‍ അവിടെ വച്ച് കത്തിയുപയോഗിച്ച് കഴുത്തിലും വയറിലും നിരവധി തവണ കുത്തി. ആള്‍കൂട്ടത്തിനിടയില്‍ നിന്ന് കൃത്യം നടത്തിയ ശേഷം ഇയാള്‍ അതേ കത്തി ഉപയോഗിച്ച് സ്വയം കുത്തി മുറിവേൽപ്പിക്കുകയായിരുന്നു.