ഖമ്മം (തെലങ്കാന): ഭാര്യയെ രക്ഷിക്കാനായി കിണറ്റില്‍ ചാടിയ ഭര്‍ത്താവും ഭര്‍ത്താവിന്‍റെ സുഹൃത്തും മരിച്ചു. ഖമ്മം ജില്ലയിലെ നെലകൊണ്ടപ്പള്ളി മണ്ഡലത്തിൽ ഞായറാഴ്‌ച രാത്രിയായിരുന്നു സംഭവം. വീട്ടിലെ വഴക്കിനെ തുടര്‍ന്നായിരുന്നു സംഭവങ്ങളത്രയും അരങ്ങേറിയത്.
സംഭവം ഇങ്ങനെ: അപ്പലനരസിംഹപുരം ഗ്രാമത്തിൽ താമസിക്കുന്ന ദമ്പതികളായ കർണപുടി നാഗരാജുവും രമണയും തമ്മില്‍ കഴിഞ്ഞദിവസം വീട്ടുകാര്യങ്ങളെ ചൊല്ലി വഴക്കായി. വഴക്ക് പരിധി വിട്ടപ്പോള്‍ രമണ ഭര്‍ത്താവിനോട് താന്‍ വീടുവിട്ട് പോവുകയാണെന്നും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുമെന്നും ഭീഷണി മുഴക്കി. അധികം വൈകാതെ വഴക്ക് മാറ്റിവച്ച ഭാര്യ മടങ്ങി വീട്ടിനകത്തേക്ക് വരുമെന്ന് ചിന്തിച്ച് നാഗരാജു ഈ സമയം വീടിന് അകത്തുതന്നെ ഇരിക്കുകയായിരുന്നു. ഈ സമയം രമണ വീടുവിട്ട് ഇറങ്ങിയിരുന്നു.
അനാവശ്യ ചിന്ത കിണറ്റില്‍ ചാടിച്ചു: എന്നാല്‍ സമയം ഏറെ കഴിഞ്ഞിട്ടും ഭാര്യയുടെ മടങ്ങിവരവ് കാണാതെ വന്നതോടെ നാഗരാജു ഭയപ്പെട്ടു. മുമ്പ് ഭീഷണി മുഴക്കിയത് പോലെ ഭാര്യ കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചതാവാം എന്നു കരുതി അദ്ദേഹം കിണറ്റിന് സമീപത്തേക്ക് നീങ്ങി. പിന്നീട് സ്വയം നീന്തല്‍ അറിയില്ലെങ്കിലും ഭാര്യയെ രക്ഷിക്കണമെന്ന ഒറ്റ ചിന്തയോടെ ഇയാള്‍ കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. ഇതെല്ലാം കണ്ടുകൊണ്ട് സമീപത്തുണ്ടായിരുന്ന നാഗരാജുവിന്‍റെ സുഹൃത്ത് യന്ത്രാതി ജോജിയും മിഴിച്ചുനില്‍ക്കുകയായിരുന്നു. തന്‍റെ സുഹൃത്ത് നാഗരാജുവിന് നീന്തല്‍ വശമില്ലെന്ന് അറിയാവുന്ന ജോജി അയാളെ രക്ഷിക്കുന്നതിനായി പിന്നാലെ കിണറ്റിലേക്ക് എടുത്തുചാടി. എന്നാല്‍ ഇടുങ്ങിയ കിണറ്റിനകത്ത് ശ്വാസം വിടാന്‍ കഴിയാതെ വന്നതോടെ നാഗരാജുവും ജോജിയും വെള്ളത്തില്‍ മുങ്ങിമരിക്കുകയായിരുന്നു.
പിന്നീട് നാട്ടുകാരെത്തിയാണ് ഇരുവരുടെയും മൃതദേഹം കിണറ്റില്‍ കണ്ടെത്തുന്നതും ഇവരെ പുറത്തേക്കെത്തിക്കുന്നതും. മാത്രമല്ല വീടുവിട്ടിറങ്ങിയ രമണയെ കണ്ടെത്താന്‍ നാട്ടുകാര്‍ പലവഴിക്ക് ഓടി. ഒടുവില്‍ സമീപത്തെ ഒരു കൃഷിയിടത്തില്‍ കരഞ്ഞുകൊണ്ട് ഇരിക്കുകയായിരുന്ന രമണയെ ഇവര്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇവരെ വിളിച്ച് വീട്ടിലേക്ക് മടങ്ങിയ സംഘം ഒടുവില്‍ ഭര്‍ത്താവിന്‍റെയും സുഹൃത്തിന്‍റെയും മരണവാര്‍ത്ത അറിയിച്ചതോടെ ഇവര്‍ നിലവിട്ട് കരയുകയായിരുന്നു.
മൊബൈല്‍ നല്‍കാത്തതിനും കൊല: അടുത്തിടെ പതിനാറുകാരൻ സഹോദരനെ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ തള്ളിയിരുന്നു. ഗുജറാത്തിലെ ഗ്ലോബേജ് ഗ്രാമത്തിലാണ് ദാരുണമായ കൊലപാതകം അരങ്ങേറിയത്. ഗെയിം കളിക്കാൻ മൊബൈൽ ഫോൺ കൈമാറാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
തുടർച്ചയായി ഗെയിം കളിച്ചുകൊണ്ടിരുന്ന അനിയൻ മൊബൈൽ നൽകാൻ വിസമ്മതിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമാവുന്നത്. ഗെയിം കളിക്കാൻ ഫോണ്‍ ലഭിക്കാതായതോടെ പ്രകോപിതനായ പതിനാറുകാരൻ അനിയനുമായി വാക്ക് തർക്കത്തിലേര്‍പ്പെട്ടു. തുടർന്ന് തർക്കം രൂക്ഷമാവുകയും പതിനൊന്നുവയസുകാരനായ അനിയനെ ഇയാള്‍ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവ ശേഷം അനിയന്‍റെ മൃതദേഹം കിണറ്റിൽ തള്ളിയ പ്രതി സ്വദേശമായ രാജസ്ഥാനിലേക്ക് കടന്നുകളഞ്ഞു. കൊലപാതകത്തിന് പിന്നാലെ സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് പതിനാറുകാരനെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. ജോലിക്കായാണ് പതിനാറുകാരനും കുടുംബവും രാജസ്ഥാനിൽ നിന്ന് ഗുജറാത്തിലെത്തിയിരുന്നത്.
Also Read: ഒന്ന് കിണറ്റില്‍ ചാടിയാലെന്ത്? മോഹിച്ച പെണ്ണ് സ്വന്തമായില്ലെ; സംഭവം ബിഹാറില്‍