ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവാരൂരിൽ ജ്യോതിഷിയുടെ വാക്കുകേട്ട് അച്ഛൻ അഞ്ച് വയസുള്ള മകനെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു. അഞ്ച് വയസുകാരൻ സായ് ശരണിനെയാണ് അച്ഛൻ രാംകി(29) അന്ധവിശ്വാസത്തിന്‍റെ പേരിൽ തീകൊളുത്തിയത്. ചൊവ്വാഴ്‌ച്ച രാത്രി മദ്യലഹരിയിൽ വീട്ടിലെത്തിയ രാംകി മകന്‍റെ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. ശരീരത്തിൽ 90 ശതമാനം പൊള്ളലേറ്റ സായ് ശരണിനെ തിരുവാരൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. എന്നാൽ സായ് ശരൺ മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
അന്ധവിശ്വാസിയായ രാംകി സ്ഥിരമായി ജ്യോതിഷിയെ കാണാൻ പോകുമായിരുന്നു. സായ് ശരൺ ജീവനോടെ ഉണ്ടെങ്കിൽ കുടുംബത്ത് സാമ്പത്തിക പുരോഗതി ഉണ്ടാകില്ലെന്ന ജ്യോതിഷിയുടെ പ്രവചനത്തെത്തുടർന്നാണ് ഇയാൾ മകനെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്. പൊലീസ് അറസ്റ്റ് ചെയ്‌ത പ്രതിയെ റിമാൻഡിലാക്കി.