കൃഷ്‌ണഗിരി (തമിഴ്‌നാട്) : നിധി ലഭിക്കുമെന്ന അന്ധവിശ്വാസത്തിന്‍റെ പേരില്‍ സുഹൃത്തിനെ കൊലപ്പെടുത്തിയയാള്‍ പിടിയില്‍. ധർമപുരി സ്വദേശി മണിയാണ് (65) നരബലി കഴിച്ചാല്‍ നിധി ലഭിക്കുമെന്ന് പൂജാരിയുടെ വാക്ക് വിശ്വസിച്ച് സുഹൃത്തായ ലക്ഷ്മണനെ (52) കൊലപ്പെടുത്തിയത്. സെപ്‌റ്റംബർ 28നാണ് തെങ്കണിക്കോട്ട താലൂക്കിലെ കേളമംഗലത്തിനടുത്തുള്ള പുത്തൂർ ഗ്രാമത്തില്‍ താമസിക്കുന്ന ലക്ഷ്മണനെ വീടിന് സമീപത്തെ വെറ്റില തോട്ടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നാല് വര്‍ഷം മുമ്പ് ഭാര്യ മരിച്ചതിനെ തുടർന്ന് മക്കളായ നാഗരാജ്, ശിവകുമാർ, തനലക്ഷ്‌മി എന്നിവരോടൊപ്പം താമസിച്ച് വരികയായിരുന്നു ലക്ഷ്മണന്‍. ഇയാളുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് വെറ്റില, ചെറുനാരങ്ങ, മഞ്ഞൾ, കുങ്കുമം, കോഴി തുടങ്ങിയ പൂജ സാധനങ്ങൾ കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് കേളമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് പ്രതി പിടിയിലാകുന്നത്.
മണി പൊലീസിന് നല്‍കിയ മൊഴി : കൊല്ലപ്പെട്ട ലക്ഷ്‌മണനും മണിയും മുമ്പ് ഒരുമിച്ച് ജോലി ചെയ്‌തിരുന്നു. ആറ് മാസം മുമ്പ് ലക്ഷ്മണന്‍റെ മകളുടെ ശരീരത്തില്‍ ദുരാത്മാവ് പ്രവേശിച്ചുവെന്ന് വിശ്വസിച്ച് ഇരുവരും ധർമ്മപുരിയിൽ ചെന്ന് ചിരഞ്ജീവി എന്ന് പേരുള്ള പൂജാരിയെ കണ്ടു. ഇയാള്‍ നേരിട്ടെത്തി പൂജകള്‍ നടത്തി മടങ്ങുന്നതിനിടെ വെറ്റില തോട്ടത്തിലെ ഒരു പ്രത്യേക സ്ഥലത്ത് നിധിയുണ്ടെന്ന് പറഞ്ഞു.
ആരെയെങ്കിലും ബലിയര്‍പ്പിച്ചാല്‍ മാത്രമേ നിധി ലഭിക്കൂവെന്നും പൂജാരി പറഞ്ഞു. ഇതിനിടെ ശരീരത്തില്‍ ദുരാത്മാവ് കയറിയിട്ടുണ്ടെന്നും ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് റാണി എന്ന സ്‌ത്രീ ലക്ഷ്മണനെ സമീപിച്ചു. തുടര്‍ന്ന് ഇവരെ ബലിയർപ്പിക്കാമെന്ന ഉദ്ദേശ്യത്തില്‍ സംഭവ ദിവസം ഇവരോട് വെറ്റില തോട്ടത്തിലെത്താന്‍ ലക്ഷ്മണന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇവരെത്താത്തതിനെ തുടർന്ന് നിധി കൈക്കലാക്കാനുള്ള ആര്‍ത്തിയില്‍ ലക്ഷ്മണന്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്നും മല്‍പിടിത്തത്തിനിടെ ലക്ഷ്മണനെ താന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് മണി പൊലീസിന് നല്‍കിയ മൊഴി.