നാസിക്ക് : വര്‍ഷങ്ങളായി പൂട്ടിയിട്ട വ്യാപാര സ്ഥാപനത്തില്‍ പാത്രത്തില്‍ സൂക്ഷിച്ച നിലയില്‍ മനുഷ്യ ശരീരാവശിഷ്ടങ്ങള്‍. ഞായറാഴ്ച രാത്രിയില്‍ നാക പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 15 വര്‍ഷമായി പൂട്ടിക്കിടക്കുകയായിരുന്നു സ്ഥാപനം. മെഡിക്കല്‍ പഠന കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുന്നതിന് സമാനമായ രീതിയില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് കേടുകൂടാതെയാണ് ശരീര ഭാഗങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.
ഫോറന്‍സിക്ക് വിദഗ്‌ധരുടെ സഹായത്തോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. 15 വര്‍ഷമായി സ്ഥാപനം തുറന്ന് പ്രവര്‍ത്തിച്ചിട്ടില്ല. ശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ശുഭാംഗിനി ഷിൻഡെയുടെ ഉടമസ്ഥലതയിലുള്ള സ്ഥാപനമാണ് ഇതെന്ന് പൊലീസ് കണ്ടെത്തി. തല, ചെവി, കൈകള്‍ തുടങ്ങിയ ഭാഗങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്. രാസ പദാര്‍ഥത്തില്‍ മുക്കിവച്ച നിലയിലായിരുന്നു ഭാഗങ്ങള്‍.
Also Read: ട്യൂഷന് വീട്ടിലെത്തിയ 10 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 72കാരന്‍ അറസ്റ്റില്‍
പ്രദേശത്ത് ദുര്‍ഗന്ധമുള്ളതായി ദിവസങ്ങളായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പൂർണിമ ചൗഗ്ലേ പറഞ്ഞു. കൂടാതെ സ്ഥാപനത്തിന് സമീപ പ്രദേശങ്ങളിലെ ബാറ്ററികള്‍ മോഷണം പോകുകയും ചെയ്തിരുന്നു. ബാങ്ക് ജീവനക്കാരിയാണ് സ്ഥാപനം ഉടമയായ ശുഭാംഗിനി ഷിൻഡെ. ഇവരുടെ രണ്ട് ആൺമക്കളില്‍ ഒരാൾ ദന്തഡോക്ടറും രണ്ടാമൻ ഇ.എൻ.ടി സ്പെഷ്യലിസ്റ്റുമാണ്.
മെഡിക്കല്‍ വിദഗ്‌ധരാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക പൊലീസിന്‍റെ നിഗമനം. ശരീരം മുറിച്ചിരിക്കുന്ന രീതി മെഡിക്കല്‍ വിദഗ്‌ധരുടേതിന് സമാനമാണ്. അതിനാല്‍ തന്നെ കട ഉടമയുടെ മക്കളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.