ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ സുരക്ഷാ സേന വന്‍ ആയുധ ശേഖരം കണ്ടെത്തി. റെയ്‌സി ജില്ലയിലെ ഉള്‍ക്കാടുകളില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. ഒരു എകെ 47 റൈഫിളും വെടിമരുന്നടങ്ങിയ സീല്‍ഡ് ബോക്‌സും സെല്‍ഫ് ലോഡിങ് റൈഫിളും 303 ബോള്‍ട്ട് റൈഫിളും, രണ്ട് ചൈനീസ് പിസ്റ്റളും മാഗസിനുകളും സുരക്ഷാസേന നടത്തിയ തെരച്ചിലില്‍ കണ്ടെത്തി. ഇന്ത്യന്‍ ആര്‍മിയും മാക്കിദാര്‍ പൊലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. ജമ്മുവിലെ പിര്‍ പഞ്ചാല്‍ മേഖലയില്‍ സമാധാനവും വികസനവും തകര്‍ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള സേനയുടെയും പൊലീസിന്‍റെയും ശ്രമത്തിന്‍റെ ഫലങ്ങളിലൊന്നാണ് ആയുധ ശേഖരം കണ്ടെത്തിയിരിക്കുന്നത്. രണ്ട് ദിവസങ്ങളിലായി ആര്‍മിയും പൊലീസും അതിര്‍ത്തി പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് വന്‍ തോതിലുള്ള ആയുധശേഖരം കണ്ടെത്തിയിരിക്കുന്നത്.
ഭീകരര്‍ ആയുധ ക്ഷാമം നേരിടുന്നുണ്ടെന്നും ഡിഡിസി തെരഞ്ഞെടുപ്പിന് ശേഷം മേഖലയിലെ സമാധാന അന്തരീക്ഷത്തെ തടസപ്പെടുത്താന്‍ ഇവര്‍ ആഗ്രഹിക്കുന്നുവെന്നും പ്രതിരോധ വക്താവ് കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ റെയ്‌സി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം രേഖപ്പെടുത്തിയത്. 80 ശതമാനത്തിലധികമായിരുന്നു ജില്ലയിലെ പോളിങ് ശതമാനം.
ദിവസങ്ങള്‍ക്ക് മുന്‍പ് ജമ്മു ബസ് സ്റ്റാന്‍റില്‍ നിന്നും സാമ്പ ജില്ലയില്‍ നിന്നും സമാനമായ രീതിയില്‍ വന്‍ ആയുധ ശേഖരം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആഴ്‌ച സാമ്പ ജില്ലയില്‍ നിന്ന് ആറ് പിസ്റ്റളുകളും 15 ഐഇഡികളും കണ്ടെത്തിയിരുന്നു. അതിര്‍ത്തിയിലെ ഈ പ്രദേശത്തേക്ക് നിരന്തരമായി ഭീകരരെ എത്തിക്കാനുള്ള ശ്രമത്തിലാണ് പാകിസ്ഥാന്‍ . കഴിഞ്ഞ കുറച്ച് മാസങ്ങള്‍ കൊണ്ട് തന്നെ പൊലീസിന്‍റെയും സേനയുടെയും ഇന്‍റലിജന്‍സ് ഏജന്‍സികളുടെയും സംയുക്ത ശ്രമ ഫലമായി പിര്‍ പഞ്ചാല്‍ മേഖലകളിലെ എല്‍ഇടി, ഹിസ്‌ബുള്‍ മുജാഹുദ്ദീന്‍ തീവ്രവാദികളുടെ ശൃഖലയെ തന്നെ തകര്‍ക്കാന്‍ കഴിഞ്ഞതായും പ്രതിരോധ വക്താവ് കൂട്ടിച്ചേര്‍ത്തു.