ഉത്തര്‍പ്രദേശ് : ഉമേഷ് പാല്‍ വധക്കേസില്‍ ആരോപണ വിധേയനായ മുന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അതിഖ് അഹമ്മദിന്‍റെ അടുത്ത സഹായിയായ സഫര്‍ അഹമ്മദിന്‍റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. ജില്ല ഭരണകൂടവും പ്രയാഗ്‌രാജ് ഡെവലപ്‌മെന്‍റ് അതോറിറ്റിയും (പിഡിഎ) മുന്‍സിപ്പല്‍ കോര്‍പറേഷനും സംയുക്തമായാണ് ഖാലിദ് സഫര്‍ ധുമന്‍ഗഞ്ച് മേഖലയിലെ വീട് പൊളിച്ചത്. വീട് അനധികൃതമായി നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ല ഭരണകൂടത്തിന്‍റെ നടപടി.
ഏകദേശം 2.5 കോടി രൂപ വിലമതിക്കുന്നതാണ് പൊളിച്ച കെട്ടിടം. പൊളിക്കുന്നതിനിടെ വീട്ടില്‍ നിന്ന് രണ്ട് തോക്കുകളും വാളും പൊലീസ് കണ്ടെടുത്തു. അതിഖ് അഹമ്മദിന്‍റെ ഭാര്യ ഷൈസ്‌ത പര്‍വീനാണ് വീട്ടിലുണ്ടായിരുന്നത്. കേസില്‍ കുറ്റാരോപിതരായ വ്യക്തികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും അവര്‍ക്കെതിരെ പിഡിഎ നടപടിയെടുക്കുമെന്നുമാണ് ലഭ്യമാകുന്ന വിവരം. ഉമേഷ് പാല്‍ വധക്കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരുടെയും കെട്ടിടങ്ങള്‍ പൊളിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു.
തെലിയാർഗഞ്ച്, ദരിയാബാദ്, കരേലി, ചക്കിയ, ധൂമംഗഞ്ച്, സുലെംസരായ്, ഹർവാര, ജൽവ, അടാല, ജയന്തിപൂർ, സദിയാപൂർ, മുണ്ടേര, കസരി-മസാരി, ദൈരാഷാ അജ്‌മൽ തുടങ്ങി സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ കുറ്റാരോപിതരായ വ്യക്തികളുടെ നിരവധി അനധികൃത വീടുകൾ പിഡിഎ (പ്രയാഗ്‌രാജ് ഡെവലപ്‌മെന്‍റ് അതോറിറ്റി) കണ്ടെത്തിയിട്ടുണ്ട്.
ഉമേഷ് പാല്‍ വധക്കേസ്: 2005ല്‍ ഉത്തര്‍ പ്രദേശിലെ ബിഎസ്‌പി എംഎല്‍എ രാജുപാല്‍ വധക്കേസിലെ പ്രധാന ദൃക്‌സാക്ഷിയാണ് ഉമേഷ് പാല്‍. ഇക്കഴിഞ്ഞ ഫെബ്രുവരി 24നാണ് ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലെ സ്വന്തം വസതിയില്‍വച്ച് ഉമേഷ് പാലിന് വെടിയേറ്റത്.
ആക്രമണത്തെ തുടര്‍ന്ന് ഉടന്‍ തന്നെ ഉമേഷ് പാലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്‌ക്കിടെ അദ്ദേഹം മരിച്ചു. എംഎല്‍എ വധക്കേസിലെ സാക്ഷിയായതുകൊണ്ട് തന്നെ അദ്ദേഹത്തിന് പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. വസതിയില്‍ ഉമേഷിനൊപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും വെടിവയ്‌പ്പില്‍ പരിക്കേറ്റിരുന്നു.
ഏഴ് പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ ആക്രമികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ടെന്നും സംശയിക്കുന്നവരുടെ പേര് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ അടങ്ങിയ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
അര്‍ബാസ് വധം: ഉമേഷ് പാല്‍ വധക്കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേസിലെ പ്രതികളില്‍ ഒരാളായ അര്‍ബാസിനെ യുപി പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ് അര്‍ബാസ് വെടിയേറ്റ് മരിച്ചത്. പ്രയാഗ്‌രാജിലെ ധുമന്‍ഗഞ്ചില്‍ വച്ച് പൊലീസുകാരുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് അര്‍ബാസ് മരിച്ചത്.
ഉമേഷ് പാലിനെ കൊലപ്പെടുത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയ ബൈക്കില്‍ സഞ്ചരിക്കവേ സുലേമസരായ് മേഖലയില്‍ വച്ച് പൊലീസ് ഇയാളെ പിന്തുടരുകയും പിന്നീടത് ഏറ്റുമുട്ടലിലെത്തുകയുമായിരുന്നു. ഉമേഷിനെ കൊലപ്പെടുത്താനെത്തിയ കാര്‍ ഓടിച്ചിരുന്നത് അര്‍ബാസായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.
കാര്‍ ഓടിക്കുന്നതിനിടെ അര്‍ബാസാണ് ഉമേഷ് പാലിനെതിരെ വെടിയുതിര്‍ത്തതെന്നും പൊലീസ് പറയുന്നു. ഉമേഷ് പാലിന്‍റെ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാന്‍ പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവ് ശ്രമിച്ചതിനെ തുടര്‍ന്ന് അടുത്ത ദിവസം ഉത്തര്‍ പ്രദേശ് നിയമസഭയില്‍ മുന്നണികള്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.